Representative Image| Photo: ANI
പാലക്കാട്: കോവിഡ് രോഗികള്‍ ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ തിരിച്ചെത്തുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിങ്ങനെ 156 കോവിഡ് ബ്രിഗേഡ് ജീവനക്കാരെയാണ് ജില്ലയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.
ഇതോടൊപ്പം മെഡിക്കല്‍ കോളേജ് ആര്.ടി.പി.സി.ആര്. ലാബില്‍ 33 ജീവനക്കാരെയും നിയമിക്കും.
സംസ്ഥാനത്താകെ 4208 കോവിഡ് ബ്രിഗേഡ് ജീവനക്കാരെയാണ് നിയമിക്കുന്നത്. ഡോക്ടര്‍-26, നഴ്സ്-60, ശുചീകരണത്തൊഴിലാളികള്‍-52, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-18 എന്നിങ്ങനെയാണ് പാലക്കാട് ജില്ലയിലെ നിയമനം.
കോവിഡ് വ്യാപനത്തിന്റെ തുടക്കംമുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കാന്‍ ധാരണയായത്.
എന്നാല്‍ പഴയ കോവിഡ് ബ്രിഗേഡിലെ മുഴുവന്‍ പേരെയും തിരിച്ചെടുത്തിട്ടില്ല. ഓരോ ജില്ലയിലും ആവശ്യത്തിനനുസരിച്ചാണ് നിയമനം. രണ്ട് വര്‍ഷം മുമ്പ് കോവിഡ് ബ്രിഗേഡില്‍നിന്ന് കോവിഡ് ഡ്യൂട്ടിക്കായി ജില്ലയില്‍ നടത്തിയ 1259 നിയമനങ്ങളുടെ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിച്ചിരുന്നു. കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി നല്‍കിവന്ന ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ അവസാനം കോവിഡ് ബ്രിഗേഡ് പിരിച്ചുവിടുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സ ഗുരുതര രോഗികള്‍ക്ക് മാത്രം
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സ ഗുരുതര രോഗികള്‍ക്ക് മാത്രമായി ചുരുക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ മറ്റ് ചികിത്സകളും നല്കുന്ന സാഹചര്യം പരിഗണിച്ചാണിത്. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗത്തിലാണ് തീരുമാനം.
സി വിഭാഗത്തിലുള്ള ഗുരുതര കോവിഡ് രോഗികള്‍ക്കാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ ആവശ്യമായി വരുന്നത്. അതിനാല്‍, സി വിഭാഗത്തിലുള്ളവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സിക്കും.
സി വിഭാഗത്തില്‍പ്പെട്ട അതിഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലാത്ത രോഗികളെയും ബി വിഭാഗത്തിലുള്ളവരെയും കഞ്ചിക്കോട് കിന്‍ഫ്രയില്‍ ചികിത്സിക്കും.
ബി വിഭാഗങ്ങളിലുള്ളവരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലും ചികിത്സിക്കും. എ വിഭാഗങ്ങളിലുള്ളവര്‍ക്ക് വീടുകളില്‍ത്തന്നെ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, വീടുകളില്‍ ഒട്ടും സൗകര്യമില്ലാത്തവരെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കെത്തിക്കും.
ഇങ്ങനെയുള്ളവര്‍ക്ക് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടാം.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തില്‍ 56 കിടക്കകളാണുള്ളത്. 36 പേര്‍ക്കുള്ള കോവിഡ് വാര്‍ഡും 24 പേര്‍ക്കുള്ള വെന്റിലേറ്റര്‍ സൗകര്യവുമുണ്ട്.
കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മെഡിക്കല്‍ കോളേജില്‍ നൂറ് കിടക്കകളാണുള്ളത്. കോവിഡ് രണ്ടാംതല ചികിത്സാകേന്ദ്രമായ (സി.എസ്.എല്‍.ടി.സി.) കഞ്ചിക്കോട് കിന്‍ഫ്രയില്‍ ഓക്സിജന്‍ സൗകര്യമുള്ള 250 കിടക്കകളും 100 സാധാരണ കിടക്കകളുമടക്കം 350 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.
കോവിഡ് ആശുപത്രിയായും നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നുണ്ട്. 50 പേര്‍ക്കുള്ള വാര്‍ഡും 50 പേര്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തോടുകൂടിയല്ലാത്ത ഓക്സിജന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്കാശുപത്രി, പാലക്കാട് വനിതാ-ശിശു ആശുപത്രി, പാലക്കാട് റെയില്‍വേ ആശുപത്രി എന്നിവയാണ് മറ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍.
Content Highlights: Covid19 Brigade staff return, Covid hospital treatment only for severe patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..