എറണാകുളം ജനറൽ ആശുപത്രി| ഫോട്ടോ: വി.എസ്.ഷൈൻ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിച്ച് കോവിഡ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 120-ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ തിരക്കേറിയ ഹൃദ്രോഗ വിഭാഗവും പനി ബാധിച്ചവര്‍ ധാരാളമെത്തുന്ന ഒ.പി.യുമെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്ത്തിക്കാനാവാതെയായി.
കോവിഡ് പോസിറ്റീവായ കാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി ചെയ്യുന്നതിനും എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിരുന്നു. കീമോ തെറാപ്പി സൗകര്യവും ഹൃദ്രോഗ വിഭാഗത്തിലേക്കുള്ള രോഗികളുടെ എണ്ണം കൂടിയതും തിരക്കിന് കാരണമായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയുണ്ടെങ്കിലും ലഭ്യമായ സൗകര്യത്തില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ നല്കാന് ശ്രമിക്കുകയാണ് ആശുപത്രി അധികൃതരെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത പറഞ്ഞു.
നീണ്ട ഒ.പി. നിര
ഒ.പി. കൗണ്ടറിലെ ജീവനക്കാരി ഞായറാഴ്ച പോസിറ്റീവായി. വേഗത്തില്‍ മറ്റൊരാളെ ജോലിക്ക് നിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ തിങ്കളാഴ്ച ഒ.പി. നിര നീണ്ടു. ഒരു മണിക്കൂറോളം ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചു. നാല് ഒ.പി. കൗണ്ടറുകളാണ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ ഒരെണ്ണത്തിന്റെ പ്രവര്‍ത്തനമാണ് മുടങ്ങിയത്. രോഗികളുടെ നീണ്ട നിരയുണ്ടാകുമ്പോള് സാമൂഹിക അകലം ലംഘിക്കപ്പെടുന്നു.
ഇനിയുമെത്താത്ത വെളിച്ചം
ഓരോ ദിവസവും ഓരോ ഉപകരണങ്ങളാണ് ജനറല്‍ ആശുപത്രിയില്‍ തകരാറിലാവുന്നത്. ഡിസംബര്‍ മുതല്‍ തകരാറിലായിരുന്ന എക്സ്റേ, എം.ആര്.ഐ. മെഷീനുകള്‍ ശരിയാക്കിയപ്പോള്‍ നാളുകളായി തകരാറിലായ ഓപ്പറേഷന് തിേയറ്ററിലെ വെളിച്ചം ശരിയാക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് ലൈറ്റുകള്‍ വേണ്ട ഓപ്പറേഷന് തിയേറ്ററില്‍ നിലവില്‍ ഒരു ലൈറ്റ് മാത്രമാണുള്ളത്. എ.സി.യും പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. ജര്‍മനിയില്‍നിന്ന് എത്തിക്കേണ്ട, ഓപ്പറേഷന് തിയേറ്ററിലെ ലൈറ്റുകള്‍ക്കായി ഓര്‍ഡര്‍ കൊടുത്തത് ഡിസംബര്‍ ആദ്യ വാരമാണ്. രണ്ടുമാസം കഴിഞ്ഞിട്ടും ഇന്നും സാധനമെത്തിയിട്ടില്ല.
കോവിഡാണ് ഇതിനും കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനുവരി അവസാന വാരം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആശുപത്രി അധികൃതര്‍. 24 ലക്ഷം രൂപ വില വരുന്ന രണ്ട് ലൈറ്റുകളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ലഭ്യമായ വെളിച്ചത്തിലാണ് നിലവില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്.
സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ശ്രമം
ആശുപത്രിയില്‍ ഏതെങ്കിലും ഉപകരണങ്ങള്‍ തകരാറിലായാല്‍ വളരെ വേഗത്തില്‍തന്നെ പരാതിപ്പെടുന്നുണ്ട്. കോവിഡ്കാലത്ത് രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് ആശുപത്രി ശ്രദ്ധിക്കുന്നത്.
- ഡോ. എ. അനിത
സൂപ്രണ്ട്, എറണാകുളം ജനറല്‍ ആശുപത്രി
Content Highlights: Covid19 at ernakulam general hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..