തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കേണ്ട, ജനസംഖ്യയില്‍ 75 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 98 ശതമാനം പേര്‍ക്ക് ആദ്യഡോസും നല്‍കി. വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യംെവച്ച 2.66 കോടിയാളുകളില്‍ 2,00,32,229 പേരാണ് രണ്ടു ഡോസും എടുത്തത്. ഇത് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ദേശീയതലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് 58.98 ശതമാനവുമാണ്.

ജനുവരി 16-നാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയത്. 338 ദിവസത്തിനിടെ സംസ്ഥാനം വാക്‌സിന്‍ വിതരണത്തില്‍ ലക്ഷ്യം കൈവരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചവരെ 4.50 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഒരാഴ്ചയ്ക്കിടെ 7.97 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്. ശരാശരി 1.14 ലക്ഷം ഡോസാണ് പ്രതിദിന വിതരണം.

ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ശരിയായി മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കോവിഡ് ബാധിച്ചവര്‍ മൂന്നുമാസം കഴിഞ്ഞുമാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ താമസം വരുത്തരുത്.

-വീണാ ജോര്‍ജ്, ആരോഗ്യമന്ത്രി

  • പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
  • മലപ്പുറം ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു.
  • 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട് ജില്ലയാണ് വാക്‌സിനേഷനില്‍ മുന്നില്‍. 83 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ടുപിന്നില്‍.
  • ആരോഗ്യപ്രവര്‍ത്തരും കോവിഡ് മുന്നണിപ്പോരാളികളും 100 ശതമാനവും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ 91 ശതമാനം പേരും മുന്നണിപ്പോരാളികളില്‍ 93 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചു.
  • 45-നുമേല്‍ പ്രായമായവരില്‍ 97 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
  • രണ്ടു ഡോസും സ്വീകരിച്ചവര്‍ 82 ശതമാനമാണ്.
  • 18-നും 44-നുമിടയില്‍ പ്രായമുള്ളവരില്‍ 90 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 60 ശതമാനം പേര്‍ക്ക് രണ്ടുഡോസും നല്‍കി.

Content Highlights: Covid19 Vaccination in Kerala; About 75 percent of people in the state are fully vaccinated