ന്യൂഡല്‍ഹി: കോവിഡ് വൈറസ് പകരുന്നത് ദീര്‍ഘകാലം തുടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.). ഭാവിയില്‍ ആളുകള്‍ രോഗത്തിനൊപ്പം ജീവിക്കുന്നത് ശീലിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. സൗത്ത്-ഈസ്റ്റ് റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു. വൈറസിന്റെ നിയന്ത്രണം നമ്മുടെ കൈയിലാകുന്ന സ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്. വൈറസ് നമ്മെ നിയന്ത്രിക്കുന്ന അവസ്ഥയിലാണ് അത് പകര്‍ച്ചവ്യാധിയാകുന്നത്. പല ഘടകങ്ങള്‍ ഇതിന് കാരണമായേക്കാം. അതില്‍ പ്രധാനം വാക്‌സിനേഷനിലൂടെയും രോഗം വന്നതിലൂടെയും ലഭിച്ച പ്രതിരോധശേഷിയാണ്-ഡോ. പൂനം പറഞ്ഞു. 

ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിലേറെയും കുത്തിവെപ്പെടുക്കാത്തവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗം പൂര്‍ണമായും തുടച്ചുനീക്കുക പ്രയാസമാണ്. മരണം, ആശുപത്രിവാസം എന്നിവ കുറയ്ക്കാന്‍ ശ്രമിക്കാം. വാക്‌സിന്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം എന്നിവയിലൂടെ സ്വയം പരിരക്ഷ നേടുന്നത് തുടരണം.

'ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് 2021 അവസാനം വരെ നിര്‍ത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യത ഏറ്റവുമധികം ഉള്ളവരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഓരോ രാജ്യത്തെയും ജനസംഖ്യയുടെ കുറഞ്ഞത് 40 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കണം എന്നതിനാലാണിത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതുവരെ ആരും സുരക്ഷിതരല്ല- അവര്‍ പറഞ്ഞു.

മറ്റൊരു തരംഗമുണ്ടായാല്‍ അത് എത്രത്തോളം തീവ്രമാകും എന്നത് നമ്മളെ ആശ്രയിച്ചിരിക്കുമെന്നും കഴിയുന്നത്ര കുത്തിവെപ്പ് നല്‍കി കഴിഞ്ഞാല്‍ മറ്റൊരു തരംഗത്തിന്റെ സാധ്യത കുറവാണെന്നും ഡോ. പൂനം വ്യക്തമാക്കി.

Content Highlights: Covid virus expected to continue to transmit for a very long time said World Health Organisation, Health, Covid19