കാളികാവ്: വിദ്യാലയങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുത്തവരെ മാത്രമേ താത്കാലിക അധ്യാപകരായി നിയമിക്കൂവെന്ന നിലപാടില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. യോഗ്യതാമാനദണ്ഡങ്ങളിലും ഒഴിവറിയിച്ചുള്ള പത്രപ്പരസ്യങ്ങളിലും മിക്ക മാനേജ്‌മെന്റുകളും ഈയൊരു വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങി. വാക്സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം വിദ്യാഭ്യാസമന്ത്രി പുറത്തുവിട്ടതിനുപിന്നാലെയാണ് തീരുമാനം.

ദുരന്തനിവാരണ അതോറിറ്റിക്കുവേണ്ടി ചീഫ് സെക്രട്ടറി കോവിഡ് മാനദണ്ഡം കര്‍ശനമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ട്. വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും കാരണം വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ചതോറും ആര്‍.ടി.പി.സി.ആര്‍. എടുക്കണമെന്നാണ് ഉത്തരവിലുള്ളത്.

ഇത് പിന്തുടര്‍ന്നാണ് താത്കാലിക അധ്യാപക നിയമനത്തിന് യോഗ്യതയായി വാക്‌സിനേഷന്‍ കൂടി മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയത്. വാക്‌സിന്‍ എടുത്തവരായിരിക്കണം എന്നുകൂടി ചേര്‍ത്താണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവരെ നിയമിച്ചാല്‍ അധ്യാപകര്‍ ഹാജരാക്കുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍കൂടി ഉറപ്പാക്കണം.

രണ്ടു േഡാസും എടുത്തവരെ നിയമിച്ചാല്‍ ഈ തലവേദന ഒഴിവാകും. ഇത്തരം സാങ്കേതികക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് സ്‌കൂള്‍ മേധാവികളുടെ നീക്കം.

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധികബാച്ച് കൂടി അനുവദിക്കുന്നതിലൂടെ അധ്യാപക ഒഴിവുകളുടെ എണ്ണം കൂടും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതലുള്ളതും മലപ്പുറത്തുതന്നെയാണ്. താത്കാലിക അധ്യാപകരുടെ കാര്യത്തിലെങ്കിലും ഇത്തരം പരാതി ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം.

Content Highlights: Covid vaccine must for guest lectures