ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് അമിതവണ്ണം മൂലം കഷ്ടപ്പെടുന്നത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലരോഗങ്ങളുടെയും അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണമുള്ളവരില്‍ കോവിഡ് 19 രോഗസാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

ലോകത്തിന്റെ പലഭാഗങ്ങളിലും വാക്‌സിന്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയുള്ളത്. എന്നാല്‍ ഈ കൂട്ടത്തിലേക്ക് അമിതവണ്ണമുള്ളവരെയും പരിഗണിക്കണമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്. 

ഫൈസര്‍, ബയോണ്‍ടെക് കോവിഡ് വാക്‌സിനുകള്‍ അമിതവണ്ണമുള്ളവരില്‍ ഫലപ്രാപ്തിക്കുറവുണ്ടാക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

റോമിലെ അല്‍ഡോ വെനൂറ്റിയും സംഘവുമാണ് ഈ പഠനം നടത്തിയത്. 248 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫൈസര്‍\ബയോണ്‍ടെക് വാക്‌സിന്റെ ആദ്യഡോസും ഏഴു ദിവസത്തിന് ശേഷം രണ്ടാം ഡോസും നല്‍കിയപ്പോള്‍ 99.5 ശതമാനം പേരിലും ഇമ്മ്യൂണ്‍ റെസ്‌പോണ്‍്‌സ് ഉണ്ടായി. എന്നാല്‍ അമിതവണ്ണവും അമിതഭാരവും ഉള്ളവരില്‍ ഇത് വളരെ കുറവായിരുന്നുവെന്നും കണ്ടെത്തി. 

ആരോഗ്യമുള്ള ആളുകളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ആന്റിബോഡികളുടെ പകുതി മാത്രമാണ് അമിതവണ്ണമുള്ള വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടായതെന്നാണ് ഇറ്റലിയില്‍ നിന്നുള്ള ഗവേഷകര്‍ വ്യക്തമാക്കിയത്. വാക്‌സിന്‍ ഫലപ്രാപ്തിയെ അമിതവണ്ണം സ്വാധീനിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. 

മുന്‍പ് നടത്തിയ പഠനങ്ങളില്‍ അമിതവണ്ണവും കോവിഡ് ഉണ്ടാകാനുള്ള അപകടസാധ്യതയും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായിരുന്നു. അമിതവണ്ണവും ശരീരത്തിലെ അമിതകൊഴുപ്പും ഇന്‍സുലിന്‍ പ്രതിരോധം, നീര്‍ക്കെട്ട് തുടങ്ങിയ മെറ്റബോളിക് വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് അണുബാധകള്‍ക്കെതിരെ പോരാടാനുള്ള കഴിവ് കുറയ്ക്കുമെന്നും കണ്ടെത്തിയിരുന്നു. 

ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറയ്ക്കും. ഫ്‌ളു വാക്‌സിനുകള്‍ക്ക് അമിതവണ്ണമുള്ളവരില്‍ അമ്പതുശതമാനം മാത്രമേ ഫലപ്രദമായിരുന്നുള്ളൂ എന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 

അമിതവണ്ണം അനാരോഗ്യത്തിലേക്കും കോവിഡ് രോഗികളുടെ മരണത്തിലേക്കും നയിക്കാന്‍ സാധ്യതയുള്ളതാണ്. 

ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അമിതവണ്ണമുള്ളവര്‍ക്ക് അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. കോവിഡ് അണുബാധ രണ്ടാമതും ഉണ്ടാകുന്നത് അനാരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ളവരിലാണെന്ന കണ്ടെത്തലും അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണ തോതില്‍ ഫലപ്രദമാവുന്നില്ല എന്നതിന്റെ ഉദാഹരണമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Covid vaccine may be less effective in people with obesity finds study, Health, Covid19, Obeisity