തിരുവനന്തപുരം: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൊതുജന സമ്പര്‍ക്കമുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമാക്കി. എടുക്കാത്തവര്‍ ആഴ്ചതോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം നല്‍കണം. രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം വാക്‌സിനെടുക്കാന്‍ കഴിയാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒമിക്രോണ്‍ ഭീഷണി ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അധ്യാപകര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്‌കൂള്‍ പ്രവൃത്തിസമയത്തില്‍ തത്കാലം മാറ്റംവരുത്തേണ്ടെന്നും തീരുമാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും.വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിവരം ശേഖരിച്ചെങ്കിലും അത് പൂര്‍ണമല്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് കരുതുന്നത്. 2609 അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്നായിരുന്നു കണക്കുകള്‍. കൃത്യമായ വിവരം ശേഖരിച്ച്, വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് ആലോചിച്ചിട്ടുള്ളത്.

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് പിന്തുണയില്ല

കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഒരുതരത്തിലുള്ള പിന്തുണയും കേരളീയസമൂഹം നല്‍കില്ല.സര്‍ക്കാരും ഇവരെ പിന്തുണയ്ക്കില്ല. 47 ലക്ഷം വിദ്യാര്‍ഥികളുടെ പ്രശ്‌നമാണിത്. അയ്യായിരത്തോളം അധ്യാപകരാണ് വാക്‌സിന്‍ എടുക്കാത്തവരായി ഉള്ളത്. ഇവരോട് രണ്ടാഴ്ചക്കാലം വീട്ടിലിരിക്കാന്‍ പറഞ്ഞു.

- വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി

സൗജന്യചികിത്സ ഇല്ല, ഇന്നുമുതല്‍ വാക്‌സിനേഷന്‍ യജ്ഞം

ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ അവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രണ്ടാംഡോസ് എടുക്കാനുള്ളവരെ കണ്ടെത്തി മരുന്നുനല്‍കാന്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ ഇടപെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ 15 വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശംനല്‍കി.

ആശാ വര്‍ക്കര്‍മാര്‍ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി ക്യാമ്പുകള്‍ ഒരുക്കും. നഗരപ്രദേശങ്ങളില്‍ ഒരു വാര്‍ഡിന് ഒരു ആശാവര്‍ക്കര്‍ മാത്രമുള്ള സ്ഥലങ്ങളില്‍ ആര്‍.ആര്‍.ടി.കള്‍ക്ക് ചുമതല നല്‍കും. ഫ്‌ളാറ്റുകളുടെ ചുമതലക്കാര്‍, റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ചേരികളില്‍ സ്വാധീനമുള്ളവര്‍, ആരോഗ്യ സേനാംഗങ്ങള്‍ തുടങ്ങിയവരെ നിയോഗിക്കും.

Content Highlights: Covid vaccine is mandatory for teachers and staff