ന്യൂഡൽഹി: അംഗപരിമിതർക്കും യാത്രാവൈകല്യമുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും വീടുകളിലെത്തി കോവിഡ് വാക്‌സിൻ നൽകും. പ്രത്യേക മാർഗരേഖപ്രകാരമായിരിക്കും ഇതെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ഈ വിഭാഗക്കാർക്കെല്ലാം വാക്‌സിൻ നൽകാൻ സഹായിക്കുകയും അവരെ അധികൃതരുമായി ബന്ധിപ്പിച്ചുകൊടുക്കുകയും വേണം. കോവിഡ് പ്രതിരോധ കുത്തിവെപ്പ് മികച്ചനിലയിൽ മുന്നോട്ടുപോകുന്നുണ്ട്. 18 വയസ്സിനു മുകളിലുള്ളവരിൽ 23 ശതമാനത്തിന് രണ്ടുഡോസുകളും 66 ശതമാനത്തിന് ഒറ്റഡോസും നൽകിക്കഴിഞ്ഞു.

കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതു സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. സൈക്കോവ്‌-ഡി ആണ് കുട്ടികൾക്ക് നൽകാൻ അംഗീകാരം ലഭിച്ച വാക്സിൻ. കുട്ടികൾക്കുള്ള കോവാക്സിന്റെ പരീക്ഷണം പൂർത്തിയായിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഢ്‌, ഗോവ, ഹിമാചൽ, അന്തമാൻ നിക്കോബാർ, സിക്കിം, ദാദ്ര നാഗർ ഹവേലി, കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ. കേരളത്തിൽ രണ്ടു ഡോസുകളും സ്വീകരിച്ചവർ 38 ശതമാനമാണ്. 90 ശതമാനംപേർ ഒറ്റഡോസ് സ്വീകരിച്ചു.

പ്രതിദിന രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിൽ കൂടുതലുള്ള 33 ജില്ലകളാണ് രാജ്യത്തുള്ളത്. കേരളത്തിൽ കാസർകോട് ഒഴികെ 13 ജില്ലകളും ഈ കൂട്ടത്തിൽ ഉൾപ്പെടും. ടി.പി.ആർ. അഞ്ചിനും പത്തിനുമിടയിലുള്ള 23 ജില്ലകളുണ്ട്. കാസർകോട് ഈ വിഭാഗത്തിലാണ്. രാജ്യത്തെ ആകെ കേസുകളുടെ 62 ശതമാനവും ആക്ടീവ് കേസുകളുടെ 53 ശതമാനവും കേരളത്തിലാണ്.

രോഗവ്യാപനം നന്നായി കുറഞ്ഞെങ്കിലും ഉത്സവകാലമായ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജാഗ്രതതുടരണം. വീണ്ടും വലിയതോതിൽ രോഗം പൊട്ടിപ്പുറപ്പെട്ടേക്കാം. ജാഗ്രതപാലിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്. അഞ്ചുശതമാനത്തിൽ കൂടുതൽ രോഗവ്യാപനമുള്ള മേഖലകളിൽ ആൾക്കൂട്ടം അനുവദിക്കരുത്.

രോഗസ്ഥിരീകരണനിരക്ക് അഞ്ചോ അതിൽ കുറവോ ആണെങ്കിൽ മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിലേ ആൾക്കൂട്ടം അനുവദിക്കാവൂ. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് വിലയിരുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരണം.

Content Highlights: covid vaccine for disabled at home