Representative image | Photo: AFP
ന്യൂഡൽഹി: ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷൻ ലഭിക്കുക എട്ടുകോടി കുട്ടികൾക്ക്. 2011-ലെ സെൻസെസ് പ്രകാരം രാജ്യത്ത് 15-18 വയസ്സിനിടയിലുള്ള കുട്ടികളുടെ എണ്ണം 7.4 കോടിക്കും എട്ടു കോടിക്കും ഇടയിലാണ്. ആരോഗ്യപ്രവർത്തകരും കോവിഡ് മുൻനിര പോരാളികളും 60 പിന്നിട്ട അസുഖബാധിതരുമായി 13 കോടി പേരുമുണ്ട്. കുട്ടികളും മുതിർന്നവരുമായി ആകെ 21 കോടിയിലധികം പേർക്ക് പ്രധാനമന്ത്രിയുടെ ശനിയാഴ്ചത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായി വാക്സിൻ നൽകും.
2021 ജനുവരി 16-നാണ് ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകാൻ തുടങ്ങിയത്. ഫെബ്രുവരിയോടെ മുൻനിരപോരാളികൾക്കും നൽകിത്തുടങ്ങി. 1.03 കോടി ആരോഗ്യപ്രവർത്തകർ ഒരുഡോസ് വാക്സിൻ എടുത്തെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96 ലക്ഷം പേർ രണ്ടുഡോസ് വാക്സിനേഷനും വിധേയരായി. രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയാക്കിയ 1.68 കോടി മുൻനിരപോരാളികൾ രാജ്യത്തുണ്ട്.
60 കഴിഞ്ഞ 13.79 കോടി പേർ
2011-ലെ സെൻസസിൽ രാജ്യത്തെ 13.79 കോടി ജനങ്ങൾ അറുപത് വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ 75 ശതമാനം പേരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരാണെന്ന് കുടുംബ ആരോഗ്യക്ഷേമ മന്ത്രാലയത്തിന്റെ ലോൻജിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി (എൽ.എ.എസ്.ഐ-2020) വ്യക്തമാക്കുന്നു. 60 കഴിഞ്ഞ 36.4 ശതമാനം പേർക്കും ഹൃദ്രോഗമുണ്ട്.
32 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദമുണ്ട്. 14.2 ശതമാനം പേർ ഗുരുതര പ്രമേഹരോഗികളാണ്. 8.3 ശതമാനം പേർക്ക് ഗുരുതര ശ്വാസകോശ രോഗങ്ങളുണ്ട്. 2.4 ശതമാനംപേർ പക്ഷാഘാതത്തിന് ചികിത്സയിലാണ്. 60 പിന്നിട്ട 12.05 കോടി പേർ ഒരു ഡോസ് വാക്സിനും 9.24 കോടി പേർ രണ്ടുഡോസ് വാക്സിനും എടുത്തു.
മുൻകരുതലെന്ന് പറയാൻ കാരണം
ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 പിന്നിട്ടവർക്കും മൂന്നാം ഡോസായി ‘മുൻകരുതൽ’ വാക്സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബൂസ്റ്റർഡോസ് എന്ന വാക്ക് അദ്ദേഹം പറഞ്ഞില്ല. ആദ്യ രണ്ടുവാക്സിനിലൂടെയും കോവിഡ് വന്നുപോയും രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും പ്രതിരോധശേഷി നേടി കഴിഞ്ഞു.
അതിനാൽ ഇനി നൽകുന്നത് മുൻകരുതൽ ഡോസായതിനാലാണ് ബൂസ്റ്റർ ഡോസ് എന്ന് വിശേഷിപ്പിക്കാത്തതിന് കാരണമെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നു.
Content Highlights: covid vaccine for children, precautions dose for frontline workers, prime minister narendra modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..