മലപ്പുറം: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അപാകംകൊണ്ട് വിദേശയാത്രപോലും പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വസിക്കാം. സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ സ്വയംതിരുത്താനുള്ള സംവിധാനമായി. ഒറ്റത്തവണ മാത്രമേ ഈ സൗകര്യം ലഭിക്കൂ എന്നതുകൊണ്ടുതന്നെ ഏറെ ശ്രദ്ധവേണം.

ഒന്നും രണ്ടും ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് അതത് ഡോസിന്റെ ബാച്ച് നമ്പറും തീയതിയുമാണ് ഇതുവരെ ലഭിച്ചിരുന്നത്. ഇനി ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ത്തന്നെ രണ്ട് ഡോസിന്റെയും വിവരങ്ങള്‍ ലഭിക്കും.

തിരുത്തേണ്ടത് ഇങ്ങനെ

• പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐ.ഡി. നമ്പര്‍ എന്നിവ തിരുത്താന്‍ 'കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്' ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം.

• രണ്ടുഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി 'മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസി'ല്‍ ക്ലിക്ക് ചെയ്യുക. ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യണം.

• പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ 'ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റെയില്‍സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാം.

• നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേറെ ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റെയില്‍സില്‍ കാണിച്ചാല്‍ 'റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അയാളെ ഒഴിവാക്കാം.

• വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പറുമുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ https://selfregistration.cowin.gov.in ലിങ്കില്‍ പോയി ഒ.ടി.പി. നമ്പര്‍ നല്‍കി വെബ്‌സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റെയില്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: Covid vaccination certificate correction