Representative Image | Photo: AFP
കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ജില്ലയിൽ കുട്ടികൾക്കിടയിലുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടന്നത് ഒമ്പത് ശതമാനം മാത്രം. 18 വയസ്സിന് മുകളിൽ പ്രായക്കാരുടെ കുത്തിവെപ്പ് 100 ശതമാനത്തോളമായ ജില്ലയിലാണ് കുട്ടികൾക്കിടയിലുള്ള വിമുഖത. കോവിഡ് ഇപ്പോഴും വിട്ടുപോയില്ലെന്നിരിക്കെയാണ് ഈ അലംഭാവം.
ജില്ലയിൽ 12-14 പ്രായത്തിലുള്ള ഒരു ലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്. എന്നാൽ, ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം ഒന്നാം ഡോസ് വാക്സിനെടുത്തത് 9752 പേർ മാത്രമാണ്. രണ്ടാം ഡോസ് എടുത്തത് 1041 പേരും. കോർബെവാക്സ് വാക്സിനാണ് ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാം. അവധിക്കാലത്ത് വാക്സിനെടുക്കാനുള്ള സൗകര്യവും ബോധവത്കരണവുമെല്ലാമുണ്ടായിട്ടും പലരും തയ്യാറായില്ല.
15-18 പ്രായത്തിലുള്ളവരിൽ 1,06,962 പേർ ഒന്നാം ഡോസ് എടുത്തപ്പോൾ 55,245 പേരാണ് രണ്ടു ഡോസും എടുത്തത്. 94 ശതമാനംപേർ വാക്സിനെടുത്തെന്നാണ് കണക്കെങ്കിലും അതിൽക്കൂടുതൽപ്പേർ ഇക്കൂട്ടത്തിലുണ്ട്. 17 വയസ്സ് കഴിയുമ്പോൾതന്നെ 18-ന് മുകളിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാലാണിത്. 18-ന് മുകളിലുള്ള 25,12,609 പേരാണ് ആദ്യഡോസെടുത്തത്. 21,25,440 പേർ രണ്ടാംഡോസുമെടുത്തിട്ടുണ്ട്. 100 ശതമാനത്തോളമായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിലാകെ 26,29,323 പേരാണ് ഒന്നാം ഡോസ് എടുത്തത്. 21,80,685 പേർ രണ്ട് ഡോസുമെടുത്തു.
കുട്ടികളെത്തുന്നില്ല, വാക്സിൻ നൽകാനാവുന്നില്ല
ജില്ലയിൽ ഇപ്പോഴും ശരാശരി 22-30 പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. സ്കൂൾ വേനലവധിക്ക് അടയ്ക്കുന്നതിനുമുമ്പേ നല്ലരീതിയിൽ വാക്സിനേഷൻ മുന്നോട്ടുപോയിരുന്നു. പരീക്ഷാത്തിരക്കും മറ്റുമായതോടെ അതിന്റെ വേഗം കുറഞ്ഞു.
എന്നാൽ, അവധിക്കാലമായതോടെ രക്ഷിതാക്കൾ പലരും കുട്ടികൾക്ക് വാക്സിൻ നൽകേണ്ട കാര്യംപോലും മറന്നു. ഇപ്പോൾ സ്കൂൾ തുറക്കാറായപ്പോൾ മാത്രമാണ് പലരും വാക്സിനെക്കുറിച്ച് അന്വേഷിക്കുന്നതുപോലും.
മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലുമുൾപ്പെടെ കോവിഡ് വാക്സിനെടുക്കാൻ കുട്ടികൾ എത്താത്തതിനാൽ നൽകാനാകാത്ത സാഹചര്യമുണ്ട്.
നേരത്തേ ടാഗോർ ഹാളിലും സ്ഥിരമായി വാക്സിൻ നൽകിയിരുന്നു. ഇപ്പോഴത് പൂർണമായും നിർത്തി. 20 വയൽ ഉള്ളതാണ് വാക്സിൻ. ചുരുങ്ങിയത് 14 പേരെങ്കിലും വന്നാൽമാത്രമേ ഇത് എടുക്കാറുള്ളൂ. അതല്ലെങ്കിൽ മരുന്ന് പാഴായിപ്പോകും. കോർബെവാക്സ് ആവശ്യത്തിനുണ്ട്. കോവാക്സിൻ ലഭ്യതക്കുറവുണ്ടെന്ന് അധികൃതർ പറഞ്ഞു.
മടിച്ചിരിക്കേണ്ട
നിലവിൽ 12-14 പ്രായക്കാരുടെ വാക്സിനേഷൻ ശതമാനം കുറവാണ്. മറ്റെല്ലാ വിഭാഗത്തിലും നല്ലരീതിയിൽ വാക്സിനേഷൻ നടന്നപ്പോഴാണ് കുട്ടികൾക്കിടയിൽ കുറഞ്ഞത്. സ്കൂൾ തുറക്കുമ്പോഴേക്കും പരമാവധിപേർക്ക് വാക്സിൻ നൽകാനാണ് ശ്രമം.
ഡോ. ഉമ്മർ ഫാറൂഖ് (ഡി.എം.ഒ.)
വാക്സിൻ എടുക്കാൻ യജ്ഞം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് വാക്സിനേഷനുവേണ്ടി പ്രത്യേക യജ്ഞം നടത്തുന്നുണ്ട്. 26, 27, 28 തീയതികളിലാണ് എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ‘എജ്യുഗാഡ്’ യജ്ഞം നടക്കുക.
Content Highlights: covid vaccination among children, covid vaccine kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..