കോഴിക്കോട്: രാജ്യത്ത് ഒരാഴ്ചയായി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ മൂന്നാംതരംഗ സാധ്യത നേരിയതോതില്‍ കാണിക്കുന്നതിനാല്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് 2020 സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം 97,000-നും മുകളിലെത്തിയിരുന്നു. ഒക്ടോബറില്‍ കൊറോണയുടെ ഡെല്‍റ്റ വകഭേദം (ബി.1.617.2) ഇന്ത്യയില്‍ സ്ഥിരീകരിച്ചു. 2021 ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടാംതരംഗം അതിന്റെ പാരമ്യത്തിലെത്തി. മേയില്‍ പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലെത്തി. ഇതില്‍ 90 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമായിരുന്നു ബാധിച്ചത്.

ഡിസംബര്‍ രണ്ടിനാണ് ഡെല്‍റ്റയെക്കാള്‍ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ (ബി.1.1.529) കര്‍ണാടകത്തില്‍ സ്ഥിരീകരിച്ചത്. ഒരുമാസം പിന്നിടുമ്പോള്‍ 2,135 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ക്ലസ്റ്റര്‍ തിരിച്ച് ടെസ്റ്റ് നടത്തണം

ഒമിക്രോണ്‍ ബാധിത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുമാത്രം പരിശോധന നടത്താതെ ക്ലസ്റ്റര്‍ തിരിച്ച് കൂടുതല്‍ പേരിലേക്ക് ഒമിക്രോണ്‍ പരിശോധന വ്യാപിപ്പിക്കണം. വ്യാപനശേഷി കൂടുതലായതിനാല്‍ രോഗബാധിതരെ പെട്ടെന്നു കണ്ടെത്തേണ്ടതുണ്ട്. ആശുപത്രികളില്‍ വാക്‌സിന്‍, മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയ അടിയന്തരചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും വേണം.

-ഡോ. എ.എസ്. അനൂപ് കുമാര്‍,

ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി, ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്

Content highlights: covid third wave, health experts suggest should increas tests