Representative image | Photo: AP
പാലക്കാട്: ജില്ലയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ചെറിയ രോഗലക്ഷണങ്ങളുള്ളവരെ വീടുകളിൽത്തന്നെ നിരീക്ഷിക്കുന്നതിന് തീരുമാനം. ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
കോവിഡിന്റെ ഒന്നാംതരംഗ കാലയളവിൽ 86 ശതമാനം പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. അന്ന് 1,000 പേരിൽ മൂന്നുപേർ എന്ന തോതിലാണ് ആശുപത്രിയിലേക്കോ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കോ രോഗികളെ മാറ്റേണ്ടി വന്നിരുന്നത്. രണ്ടാംതരംഗത്തിൽ രോഗികളിൽ 77 ശതമാനം പേരാണ് ഗാർഹികനിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. അന്ന് 1,000 പേരിൽ ആറുപേരെ വീതം ആശുപത്രിയിലേക്ക് മാറ്റി.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിടങ്ങളിൽ ആകെ കോവിഡ് ബാധിതരിൽ 96 ശതമാനം പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരിൽ ആയിരത്തിൽ രണ്ടുപേർ എന്ന തോതിൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്നുള്ളൂവെന്നും അധികൃതർ പറഞ്ഞു.
വീട്ടുനിരീക്ഷണം ആർക്കൊക്കെ
1. രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവായവർ
2. വളരെ ലഘുവായ ലക്ഷണങ്ങളുള്ളവർ
3. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും രക്തത്തിലെ ഓക്സിജൻ അളവ് 95-നും അതിന് മുകളിലും ഉള്ളവർ
4. മറ്റ് രോഗമുള്ളവരിൽ (രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം/ കരൾ/വൃക്ക രോഗങ്ങൾ തുടങ്ങിയ) 60 വയസ്സിനുമുകളിൽ പ്രായമായവർ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വീടുകളിൽ കഴിയാൻപാടുള്ളൂ.
5. രോഗ പ്രതിരോധശേഷിയില്ലാത്ത രോഗികൾ എച്ച്.ഐ.വി./ അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ/ അർബുദരോഗ ചികിത്സയിലുള്ളവർ എന്നിവരും ഡോക്ടറുടെ നിർദേശപ്രകാരമേ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാവൂ
വീട്ടിലെ നിരീക്ഷണ സൗകര്യങ്ങൾ
1. ഒരു മുറി, ഫോൺ സൗകര്യം, കുടുംബാംഗങ്ങളുമായി സമ്പർക്കമില്ലാതെ ഒരേ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് വീടുകളിൽ സൗകര്യമുള്ളവർ.
2. ആഴ്ചയിൽ ഏഴുദിവസം, 24 മണിക്കൂറും പരിചരണം നൽകാൻ പൂർണ ആരോഗ്യവാനായ പരിചാരകൻ വേണം.
3. ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിച്ചുനൽകാനുള്ള സംവിധാനം. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗം എന്നിവർ അടങ്ങുന്ന ദ്രുതകർമ സംഘത്തിന്റെ ഫോൺ നമ്പറുകൾ.
രോഗികൾ ചെയ്യേണ്ടത്
1. കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക.
2. സാധാരണ ഭക്ഷണം കഴിക്കുക.
3. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക.
4. ധാരാളം വെള്ളം കുടിക്കുക.
അപായ സൂചനകൾ
1. കുറയാതെ, തുടരുന്ന കടുത്ത പനി (മൂന്നുദിവസമായി 100 ഡിഗ്രിയിൽ കൂടുതൽ)
2. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഓക്സിജൻ അളവിൽ കുറവ് (ഒരു മണിക്കൂറിൽ എടുക്കുന്ന മൂന്ന് പരിശോധനകളിൽ ഓക്സിജൻ സ്വീകരണത്തോത് 95 ശതമാനത്തിൽ കുറവോ, ശ്വാസോഛ്വാസ നിരക്ക് ഒരു മിനിറ്റിൽ 24-ൽ കൂടുതലോ)
3. നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന
4. എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഉടൻ വിവരം അറിയിക്കണം.
Content Highlights: covid third wave, covid third wave precautions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..