തൃശ്ശൂര്‍: സര്‍ക്കാര്‍തലത്തില്‍ കോവിഡ് നിര്‍ണയപരിശോധനയ്ക്ക് സ്വകാര്യ ഏജന്‍സികളെ ആശ്രയിച്ചിട്ടും പരിശോധനകളുടെ എണ്ണത്തില്‍ ഉദ്ദേശിച്ചത്ര വര്‍ധനയില്ല. ഇപ്പോള്‍ 37,000-ഓളം പരിശോധനകളാണ് ദിവസേന നടക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിശോധനകളുടെ എണ്ണം 25,000-ല്‍ താഴെ മാത്രമാണ്.

സ്‌പൈസ് ഹെല്‍ത്ത്, സാന്‍ഡോര്‍ മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് എജന്‍സികള്‍ക്കാണ് പത്ത് ജില്ലകളിലെ ആര്‍.ടി.പി.സി.ആര്‍. സാമ്പിള്‍ കളക്ഷന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയത്. മാര്‍ച്ച് മുതലാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സാമ്പിള്‍ ശേഖരിച്ചുതുടങ്ങിയത്. ദിവസേന രണ്ടായിരം സാമ്പിളുകള്‍വരെ ശേഖരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോഴും മിക്കജില്ലകളിലും ഇവര്‍ ശേഖരിക്കുന്ന സാമ്പിളുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. തൃശ്ശൂര്‍ പോലുള്ള ജില്ലകളില്‍ 400-ല്‍ താഴെ ആര്‍.ടി.പി.സി.ആര്‍. പരിശോധന മാത്രമാണ് സ്വകാര്യ ഏജന്‍സിയുടെ ലാബുകള്‍ വഴി നടക്കുന്നത്.

പല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധന ഏറ്റെടുത്ത ഏജന്‍സികളിലെ ജീവനക്കാരുടെ കുറവാണ് പരിശോധനകളുടെ എണ്ണം ഉയരാത്തതിന് കാരണം. ലാബുകളുടെ പ്രവര്‍ത്തനസമയവും ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. 2000 രൂപ വരെ ചെലവ് വരുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധന 500 രൂപയില്‍ താഴെ നിരക്കിലാണ് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നത്. മൊബൈല്‍ ലാബുകളും ഈ ഏജന്‍സികള്‍ക്കുണ്ട്.

Content Highlights: Covid tests are not increasing significantly despite theprovate agencies, Health, Covid19