കോവിഡ് പരിശോധനയ്ക്കായി കാത്തുനിൽക്കുന്നവർ (Photo: ANI)
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം (ഡി.എം.എ.) കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന സഹായധനം ഈ മാസത്തോടെ നിര്‍ത്തിയേക്കും.
ഏപ്രില്‍ ഒന്നുമുതല്‍ ഡി.എം.എ. പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങളുണ്ടാകില്ലെന്ന കേന്ദ്ര അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. അതിനുശേഷം മഹാമാരിയില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ ഇടയില്ല.
രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിദിന രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച 1259 പേരില്‍കൂടി കോവിഡ് കണ്ടെത്തി. 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് ആനുകൂല്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും തടസ്സമാകുമോയെന്നാണ് ആശങ്ക.
ഡി.എം.എ. രാജ്യത്ത് 2020 മാര്‍ച്ച് 23-നാണ് പ്രാബല്യത്തില്‍ വന്നത്. അതുപ്രകാരം കോവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ സഹായധനംവീതമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. പ്രതിദിന-സജീവ രോഗികള്‍, രോഗസ്ഥിരീകരണ നിരക്ക്, മരണനിരക്ക് എന്നിവയില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് കഴിഞ്ഞദിവസം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
രോഗവ്യാപന തോത് കണക്കിലെടുത്ത് ഏപ്രില്‍ ഒന്നിനുശേഷവും നിയന്ത്രണങ്ങള്‍ തുടരാനാണ് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.
കോവിഷീല്‍ഡ് ഇടവേള 12-16 ആഴ്ചതന്നെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്‍ഡോസ് ഇടവേള 12-16 ആഴ്ചയായി തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇടവേള 8-16 ആഴ്ചയായി ചുരുക്കണമെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് അധികൃതര്‍ തള്ളി.
നിലവിലെ വാക്സിന്രീതി ഫലപ്രദമായതിനാല്‍ ഇടവേളയില്‍ മാറ്റം ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 2021 ജനുവരിയില്‍ കുത്തിവെപ്പ് ആരംഭിച്ചപ്പോള്‍ വാക്സിന് ഇടവേള 4-6 ആഴ്ചയായിരുന്നു. പിന്നീട് 6-8 ആഴ്ചയാക്കി. വാക്സിന്‍ക്ഷാമം രൂക്ഷമായതോടെ അത് 12-16 ആക്കി മാറ്റുകയായിരുന്നു.
കോവാക്സിന് കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് മൂന്നോ നാലോ മടങ്ങ് വര്‍ധിക്കുന്നതായി ഐ.സി.എം.ആറിന്റെ പഠനത്തില്‍ തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച രാജ്യസഭയിലാണ് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഇക്കാര്യമറിയിച്ചത്.
Content Highlights: Covid19, Corona Virus, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..