കോവിഡ് ഭേദമായ ശേഷവും 75 ശതമാനം ആളുകളിലും ലക്ഷണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ചൈനയിലെ വുഹാനില്‍ കോവിഡ് പോസിറ്റീവായ 1733 രോഗികളെയാണ് നിരീക്ഷിച്ചത്. ഇതില്‍ 76 ശതമാനം പേര്‍ക്കും രോഗം ഭേദമായി ആറുമാസത്തിന് ശേഷവും കോവിഡ് ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
പനി, വരണ്ട ചുമ, രുചിയും മണവും നഷ്ടപ്പെടല്‍, കടുത്ത ക്ഷീണം, പേശികളുടെ ബലക്കുറവ് തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് ഇവരില്‍ രോഗം ഭേദമായ ശേഷവും കണ്ടെത്താനായത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 63 ശതമാനം ആളുകളിലും കടുത്ത ക്ഷീണം, പേശീവേദന എന്നിവയ്‌ക്കൊപ്പം ഉത്കണ്ഠ, വിഷാദം, വേദന, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയും കണ്ടെത്തിയിരുന്നു. കോവിഡ് ഗുരുതരമായ ചിലരില്‍ ശ്വാസകോശ പ്രശ്‌നവും മറ്റു ചിലരില്‍ വൃക്കകള്‍ക്ക് തകരാറും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
രോഗം ഭേദമായി ആറുമാസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണുന്നതിന് പിന്നിലുള്ള കാരണം എന്താണെന്നറിയുന്നതിനായി ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞരും കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പല ഘടകങ്ങളും ഉണ്ടായേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹികമായി മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ വരെ ഇതിന് കാരണമായേക്കാം. കോവിഡ് ബാധിക്കുന്നവരില്‍ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്കും ഏകോപനമില്ലായ്മയ്ക്കും വഴിയൊരുക്കിയേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഇത്തരത്തിലുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പ്രായഭേദമില്ലാതെ എല്ലാ പ്രായക്കാര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികരില്‍ ഇത് കുറച്ചുകൂടി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും പഠനത്തില്‍ പറയുന്നു.
Content Highlights: Covid patients experience symptoms even after 6 months of recovery, Health, Covid19