കോവിഡ് ബാധിക്കുന്നത് ഒരു വ്യക്തിയില്‍ ക്ഷയരോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതിനാല്‍ തന്നെ കോവിഡ് ബാധിച്ചവരില്‍ ക്ഷയരോഗ പരിശോധനയും ക്ഷയരോഗം ബാധിച്ചവരില്‍ കോവിഡ് പരിശോധനയും നടത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരില്‍ ക്ഷയരോഗം കൂടുതലായി കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ കോവിഡ് മൂലം ക്ഷയരോഗ കേസുകള്‍ കൂടിയെന്നതിന് വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

കോവിഡിനൊപ്പം ക്ഷയരോഗ കേസുകളും കണ്ടെത്താന്‍ 2020 ആഗസ്റ്റ് മുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തുടങ്ങിയിരുന്നു. ഇതിനോടൊപ്പമാണ് പരിശോധന കര്‍ശനമാക്കാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. 

കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് 25 ശതമാനത്തോളം കുറഞ്ഞിരുന്നു. 

ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന കോവിഡിന്റെയും ക്ഷയരോഗത്തിന്റെയും ലക്ഷണങ്ങളും ഒരുപോലെയാണ്. ചുമ, പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇരു രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ക്ഷയരോഗത്തിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ്(രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗം ഉണ്ടാകാനുള്ള കാലയളവ്) കൂടുതലാണ്; അതുപോലെ തന്നെ രോഗം മാറാനുള്ള കാലയളവും. 

ക്ഷയരോഗാണുവായ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസിന് മനുഷ്യ ശരീരത്തില്‍ ദീര്‍ഘകാലം നിര്‍ജ്ജീവമായി കിടക്കാനുള്ള കഴിവുണ്ട്. ഇങ്ങനെ നിര്‍ജ്ജീവമായി കിടക്കുന്ന ക്ഷയരോഗാണുക്കള്‍ സജീവമാകുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയില്‍ കുറവുണ്ടാകുമ്പോഴാണ്. ആ സമയത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് ബാധിക്കുന്നവരിലും പ്രതിരോധശേഷി കുറയുകയാണ് ചെയ്യുന്നത്. വൈറസ് ബാധ മൂലവും പ്രതിരോധശേഷിയെ ചെറുക്കുന്ന സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതും ഇതിന് കാരണമാകാം. ഇതാകാം കോവിഡ് ബാധിച്ച പല രോഗികളിലും ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാരണവും. 

Content Highlights: Covid patients at risk of developing active tuberculosis health ministry, Health,Tuberculosis, Covid19