തൃശ്ശൂര്‍: കോവിഡ് ചികിത്സയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണ്ടാക്കുന്ന ഗുളികയായ 'മോള്‍നുപിരാവിര്‍' സാധാരണക്കാര്‍ക്കും ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. മരുന്ന് വികസിപ്പിച്ച മെര്‍ക്ക് കമ്പനി നിര്‍മാണരഹസ്യം പങ്കുവെക്കാന്‍ തയ്യാറായതോടെയാണിത്. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള നടപടികള്‍ക്കായി മെഡിസിന്‍ പേറ്റന്റ് പൂളിങ്ങു(എം.പി.പി.)മായി ധാരണയിലായിക്കഴിഞ്ഞു. വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്.

കോവിഡിനെ ഫലപ്രദമായി ചെറുത്ത് രോഗിയെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ പര്യാപ്തമാണ് പുതിയ മരുന്നെന്നാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളും തെളിയിക്കുന്നത്. മരുന്ന് ഉപയോഗിച്ചവര്‍ക്ക് ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനുമായി. ലളിതമായ ഉപയോഗരീതിയാണെന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. മരുന്നിന്റെ വാണിജ്യ ഉപയോഗത്തിനുള്ള അപേക്ഷ അമേരിക്കന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സംഘടനയാണ് എം.പി.പി. നിര്‍മാണത്തിനു തയ്യാറായി വരുന്നവര്‍ക്കെല്ലാം നിബന്ധനകള്‍ക്കു വിധേയമായി അനുമതി കൊടുക്കുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങിനാണ് മെര്‍ക്കുമായി ധാരണയിലെത്തിയിരിക്കുന്നത്. സാധാരണ വലിയ തുക റോയല്‍റ്റി നല്‍കിയാേല മരുന്ന് രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറൂ. ധാരണയുടെ ഭാഗമായി 105 രാജ്യങ്ങളിലെങ്കിലും വിലക്കുറവില്‍ മരുന്നെത്തും.

ഇന്ത്യയില്‍ എട്ടു കമ്പനികള്‍ നിര്‍മാണാനുമതിക്ക് തയ്യാറെടുക്കുകയാണ്. ഇന്ത്യയില്‍നിന്ന് പരമാവധി കമ്പനികള്‍ പദ്ധതിയില്‍ പങ്കാളികളാകണമെന്ന് എം.പി.പി. ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സണ്‍ ഫാര്‍മ, സിപ്ല, ഡോ. റെഡ്ഢീസ്, ഹെറ്റീറോ, നാറ്റ്കോ, ഓപ്ടിമസ് തുടങ്ങിയ കമ്പനികള്‍ രംഗത്തുണ്ട്. ഇതില്‍ത്തന്നെ ചിലര്‍ മെര്‍ക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുമായി ആദ്യഘട്ടം മുതല്‍ സഹകരിക്കുന്നുമുണ്ട്.

Content highlights: covid medicines price will decrease