കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് പോവുകയും ഒട്ടനവധിപേര്‍ കടുത്ത ദുരിതത്തിലാവുകയും ചെയ്തു. വായ്‌പ്പെയെടുത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങിയവരും പ്രതിസന്ധിയിലാണ്. അതിലൊരു വിഭാഗമാണ് ജിംനേഷ്യം ഉടമകള്‍. ഫിറ്റനസ് ദിനചര്യയുടെ ഭാഗമാണെങ്കിലും ലോക്ഡൗണ്‍ വന്നാല്‍ ആദ്യം പൂട്ടു വീഴുന്നത് തങ്ങള്‍ക്കാണെന്ന് ജിം ഉടമകള്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ഇളവുനല്‍കുന്ന സൗഹചര്യത്തില്‍ ഇനിയും ജിമ്മുകള്‍ തുറന്നില്ല എങ്കില്‍ ജിം ഉടമകളും തൊഴിലാളികളും പട്ടിണിയാകുമെന്നും സര്‍ക്കാര്‍ അതിന് നടപടി  സ്വീകരിക്കണമെന്നും വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാകേഷ് വില്‍സണ്‍ പറയുന്നു.

കേരളത്തില്‍ ഇരുപത്തി അഞ്ചായിരത്തോളം ജിമ്മുകളുണ്ട്. ഒരു ലക്ഷത്തിലേറെ കുടുംബാംഗങ്ങള്‍ ജിമ്മിനെ ആശ്രയിച്ച് ജീവിക്കുന്നു. ജിമ്മുകളില്‍ നിന്ന് കോവിഡ് പടര്‍ന്ന സാഹചര്യം ഇല്ലാതിരുന്നിട്ടും ആദ്യം പൂട്ടുവീണത് ജിമ്മുകള്‍ക്കാണ്. സര്‍ക്കാര്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആദ്യലോക്ഡൗണിന് ശേഷം ആളുകളെ ജിമ്മുകളിലേക്ക് പ്രവേശിപ്പിച്ചത്. മാസ്‌കും താപനില പരിശോധനയുമെല്ലാം നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ജിമ്മുകള്‍ സാനിറ്റൈസ് ചെയ്തിരുന്നു. വളരെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ജിമ്മുകള്‍ അടച്ചിടുന്നത്. 

ലക്ഷക്കണക്കിന് രൂപ വായ്പ്പയെടുത്ത് മെഷീനുകള്‍ വാങ്ങി വയ്ക്കുന്നത്. അതിന്റെ തവണ അടയ്ക്കാന്‍ നിവൃത്തിയില്ല. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജിം ഉടമകള്‍ക്ക് വാടക  നല്‍കാന്‍  നിവൃത്തിയില്ല. ലോക്ഡൗണില്‍ എന്റെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പല ജിം ഉടമകളോടും കെട്ടിട ഉടമകള്‍ ഒഴിഞ്ഞു കൊടുക്കാന്‍  പറയുന്ന സാഹചര്യംവരെയുണ്ടായി. പലിശരഹിത വായ്പ്പയോ വാടക നല്‍കാനുള്ള പിന്തുണയോ സര്‍ക്കാര്‍  നല്‍കിയില്ല എങ്കില്‍ ഞങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടിവരും. 

ഫിറ്റനസ് എന്ന് പറഞ്ഞാല്‍ സൗന്ദര്യവുമായാണ് കൂട്ടിക്കെട്ടുന്നത്. എന്നാല്‍ അതങ്ങനെയല്ല ജീവിതശൈലിരോഗങ്ങള്‍ നിയന്ത്രിക്കാനാണ് പലരും ജിമ്മുകളിലേക്ക് വരുന്നത്. ഹൃദയത്തിന് രോഗങ്ങളുള്ളവരെയടക്കം ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ജിമ്മുകളിലേക്ക് വിടുന്നുണ്ട്. അതുപോലെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് മോചിക്കപ്പെട്ട യുവാക്കളില്‍ പലരും ഫിറ്റ്‌നസിലേക്ക് തിരിയുന്നതും ശരീരം ശ്രദ്ധിക്കുന്നതിനുമെല്ലാം ജിമ്മില്‍ വരാറുണ്ട.് അവരും പ്രതിസന്ധിയിലായിരിക്കുകയാണ്- രാകേഷ് വില്‍സണ്‍ പറഞ്ഞു.

Content Highlights: covid lockdown kerala Gymnasium owners and workers are struggling to live