Representative Image| Photo: Canva.com
കോവിഡ് വൈറസ് വീണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദങ്ങൾക്ക് അതിതീവ്ര വ്യാപനശേഷിയുമാണുള്ളത്. കോവിഡ് 19 പുരുഷന്മാരെ ബാധിക്കുന്നതു വഴി ബീജത്തിന്റെ ഗുണനിലവാരത്തെയും വിപരീതമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പട്ന എയിംസിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യ ശരീത്തിലെ ACE 2 റിസപ്റ്ററുകളിലേക്ക് കൂടുതൽ ശക്തമായി കടന്നുകയറാൻ കഴിവുള്ള ഈ വൈറസുകൾ പലവിധം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നു ഗവേഷകർ വ്യക്തമാക്കുന്നു. ടെസ്റ്റിക്യുലർ ടിഷ്യുവിൽ ഈ ACE 2 റിസപ്റ്ററുകൾ ധാരാളമായുണ്ട്. വൈറസ് ശരീരത്തിലെത്തുക വഴി ബീജത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കിയത്. Cureus Journal of Medical Science എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രോഗം വന്നതുമൂലം ബീജത്തിന്റെ ഗുണത്തിലുണ്ടായ മാറ്റങ്ങളും ബീജത്തിനുണ്ടായ നാശത്തെക്കുറിച്ചുമാണ് പഠനത്തിൽ പരിശോധിച്ചത്. 19-നും 45-നും ഇടയിൽ പ്രായമുള്ള മുപ്പതോളം പുരുഷന്മാരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. 2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയിലായിരുന്നു പഠനം.
തുടർന്ന് ബീജങ്ങളിൽ നടത്തിയ സാമ്പിൾ പരിശോധനകളിലൂടെ വിശദമായി വിശകലനം ചെയ്തു. ആദ്യത്തെ സാമ്പിൾ എടുത്തതിനുശേഷം 74 ദിവസം കഴിഞ്ഞാണ് അടുത്ത സാമ്പിൾ ശേഖരിച്ചത്. ഇരു സാമ്പിളുകളിലും ഒരേ ടെസ്റ്റുകളാണ് ചെയ്തത്.
ബീജത്തിന്റെ അളവ്, ചലനം, സ്പേം കോൺസൻട്രേഷൻ, കൗണ്ട് തുടങ്ങിയവയാണ് പരിശോധിച്ചത്. എന്നാൽ ആദ്യത്തെ സാമ്പിളിൽ ഇവയെല്ലാം കുറവാണെന്നു കണ്ടെത്തി. രണ്ടാമത്തെ സാമ്പിളിൽ ഇവയിൽ മാറ്റം കണ്ടെങ്കിലും മതിയായ അളവിലേക്ക് എത്തിയിരുന്നില്ല. ബീജത്തിന്റെ അളവുൾപ്പെടെയുള്ള ഗുണങ്ങളെ കോവിഡ് വൈറസ് വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായതെന്ന് ഗവേഷകർ പറയുന്നു.
ബീജത്തിൽ SARS-CoV-2 ന്റെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ സാമ്പിളെടുക്കുന്നതു വരെയും ബീജത്തിന്റെ ഗുണനിലവാരം കുറഞ്ഞുതന്നെയാണ് കാണപ്പെട്ടത് എന്നും ഗവേഷകർ വ്യക്തമാക്കി.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളും ബീജ ബാങ്കിങ് സംവിധാനങ്ങളുമൊക്കെ കോവിഡ് ബാധിതരായ പുരുഷന്മാരുടെ ബീജം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണമെന്നും ഗവേഷകർ പറയുന്നു. കോവിഡ് പോസിറ്റീവായ പുരുഷന്മാരുടെ ബീജഗുണനിലവാരം സാധാരണ ഗതിയിലേക്ക് എത്തുംവരെ അത്തരക്കാരെ മാറ്റിനിർത്തണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Content Highlights: Covid infection may impact semen quality in men
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..