ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാമെന്നും അല്ലാത്ത സമയത്തെല്ലാം കുട്ടിയില്‍നിന്ന് ആറടിയെങ്കിലും അകലം പാലിക്കണമെന്നും വിദഗ്ധ ഉപദേശം. ന്യൂഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ്കെ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു പുരിയുടേതാണ് ഈ നിര്‍ദേശം.

കോവിഡ് ബാധിതയായ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിന് രോഗം പിടിപെടുമെന്നതിന് തെളിവില്ലെന്നും അവര്‍ പറഞ്ഞു. എങ്കിലും ഗര്‍ഭിണികള്‍ കോവിഡ് ബാധിക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം. കോവിഡ് വാക്‌സിന്‍ എടുക്കുന്നതുകൊണ്ട് പ്രത്യുത്പാദന അവയവങ്ങള്‍ക്ക് തകരാറോ വന്ധ്യതയോ വരില്ലെന്നും അവര്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചവര്‍ മുലയൂട്ടുംമുമ്പ് കൈകള്‍ കഴുകുകയും മാസ്‌കോ ഫെയ്‌സ് ഷീല്‍ഡോ വെക്കുകയും വേണം. അമ്മ കഴിയുന്ന പരിസരമെല്ലാം ഇടയ്ക്കിടെ അണുമുക്തമാക്കണം. കോവിഡ് പോസിറ്റീവായ അമ്മയല്ലാതെ മറ്റാരും കുട്ടിയെ നോക്കാനില്ലെങ്കില്‍, അവര്‍ എല്ലായ്പ്പോഴും മാസ്‌ക് വെക്കണം. വായുസഞ്ചാരമുള്ള മുറിയില്‍വേണം അമ്മയും കുഞ്ഞും കഴിയാന്‍ -ഡോ. മഞ്ജു പറഞ്ഞു.

ഭ്രൂണത്തെ രോഗാണുബാധയില്‍നിന്നു സംരക്ഷിക്കുന്ന കവചമായിട്ടാണ് പൊക്കിള്‍ക്കൊടിയെ കരുതുന്നത്. എങ്കിലും അപൂര്‍വമായി നവജാതശിശുക്കളില്‍ കോവിഡ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഗര്‍ഭപാത്രത്തിനുള്ളില്‍വെച്ചാണോ ജനിച്ചയുടനെയാണോ ഈ കുഞ്ഞുങ്ങള്‍ രോഗബാധിതരായതെന്ന് വ്യക്തമായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Content Highlights: Covid-infected moms can breastfeed, but maintain distance from child