കോട്ടയം: കോവിഡിന് പുറമേ ഒമിക്രോൺ വ്യാപനവും ശക്തിപ്രാപിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതരും ജനങ്ങളും പിന്നോട്ട്. പൊതുസ്ഥലങ്ങളിലടക്കം ജനത്തിരക്ക് ഏറുന്നതും സാമൂഹിക അകലം പാലിക്കാത്തതും, മുഖാവരണങ്ങൾ ധരിക്കാത്തതും സാധാരണം.

എ.ടി.എം. കൗണ്ടറുകൾ, പൊതുസ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി ബസുകളിൽ പോലും മുൻപ് സാനിറ്റൈസറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലാം മാസങ്ങൾകൊണ്ട് തന്നെ കാണാതായി. യാതൊരു കരുതലുമില്ലാതെയാണ് ജനങ്ങൾ പൊതുസ്ഥലങ്ങളിലെത്തുന്നത്. നിയന്ത്രണങ്ങളിൽ അയവ് വന്നെങ്കിലും സ്വയം സുരക്ഷിതരാകാൻ ആളുകൾ തയ്യാറാകാത്തത് രോഗവ്യാപനം വർധിക്കാൻ ഇടയാകുമെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പൊതുപരിപാടികളിൽ നിശ്ചിത ആളുകൾക്ക് പങ്കെടുക്കാമെങ്കിലും ആദ്യകാലങ്ങളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെയാണ് പരിപാടികൾ നടത്തുന്നത്. രോഗം ഭയന്ന് രണ്ടു മാസ്‌കുകൾ ധരിച്ചിരുന്നവർ ഒന്നിലേക്ക് മാറി, ഇപ്പോൾ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെയും ഇറങ്ങിത്തുടങ്ങി.

ഭീതിയൊഴിഞ്ഞു; ഒപ്പം ജാഗ്രതക്കുറവും

• വാക്‌സിനെടുത്തു കഴിഞ്ഞാൽ രോഗം വരില്ലെന്ന തെറ്റായ ധാരണ ജനങ്ങൾക്കിടയിലുണ്ട്. രണ്ടു വാക്‌സിൻ സ്വീകരിച്ചവരാണ് ഭൂരിഭാഗവും. രോഗത്തെ ഭയക്കാനില്ലെന്ന ധാരണയാണ് ഇപ്പോൾ ജനങ്ങൾക്കിടയിലുള്ളത്.

• സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ, കൈ കഴുകാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ നിബന്ധനകൾക്ക് മാറ്റം വന്നിട്ടില്ല. ആദ്യകാലത്ത് കൃത്യമായി ഇത് നടപ്പാക്കിയിരുന്നു. ഇപ്പോൾ ഒഴിഞ്ഞ കുപ്പികൾ മാത്രമാണ് പലയിടത്തും ഉള്ളത്.

• ആരോഗ്യവകുപ്പും പോലീസുമടക്കം മുൻപ് കൃത്യമായി പരിശോധനകൾ നടത്തിയിരുന്നു. നിലവിൽ പരിശോധനകളോ ബോധവത്കരണമോ നടക്കാറില്ല.

• സെക്ടറൽ മജിസ്‌ട്രേറ്റുകളുടെ സംഘം കൃത്യമായി പരിശോധനകൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ ഇവ ഇല്ല.

• പല സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കാതെയാണ് ജീവനക്കാരടക്കം ജോലി ചെയ്യുന്നത്. മാസ്‌ക് ധരിക്കുന്നവർ പോലും മുഖത്തുനിന്നു താഴ്ത്തിവെയ്ക്കുകയാണ്.

• ജനങ്ങൾക്കിടയിലെ ജാഗ്രതക്കുറവും രോഗവ്യാപനത്തിന് കാരണമായേക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ജാഗ്രതക്കുറവ് ഒഴിവാക്കണം

വാക്‌സിൻ സ്വീകരിച്ചതിനാൽ രോഗം വരാൻ സാധ്യതയില്ലെന്നും ഗുരുതരമാകില്ലെന്നുമുള്ള തെറ്റായ ധാരണ ജനങ്ങൾക്കിടയിലുണ്ട്. ഇത് വലിയ ദോഷം ചെയ്യും. ജനങ്ങൾ കരുതലോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്‌സിനെടുക്കണം.

-ഡോ.എൻ.പ്രിയ

ജില്ലാ മെഡിക്കൽ ഓഫീസർ.

Content Highlights: covid in kerala, omicron cases in kerala, covid rate today