Representative Image| Photo: Canva.com
ആലപ്പുഴ: ശ്വാസംമുട്ടലും പനിയുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം കൂടുന്നതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു.വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി. നീണ്ടുനില്‍ക്കുന്ന പനിയുമായി ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ശ്വാസംമുട്ടലുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ വ്യാപകമായതിനാലാണിത്. കോവിഡിനു സമാനമായ രോഗലക്ഷണങ്ങളാണ് പലര്‍ക്കും.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ദിവസം ജില്ലയില്‍ കോവിഡ് ബാധിക്കുന്നത് മൂന്നോ നാലോ പേര്‍ക്കു മാത്രമാണ്. പരിശോധനകള്‍ കാര്യമായി ഇല്ലാത്തതാണ് രോഗികളുടെ എണ്ണം കുറഞ്ഞതായി കാണാന്‍ കാരണം. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ആളുകളില്‍ ഒട്ടേറെപ്പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്. എന്നാല്‍, കിടത്തിച്ചികിത്സയ്ക്കുവിധേയരാക്കേണ്ട രോഗികള്‍ ഏറെക്കാലമായി ഇല്ലായിരുന്നു. പനിയ്ക്കും ശ്വാസംമുട്ടലിനുമായി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം ചികിത്സ തേടിയ മധ്യവയസ്‌കയുടെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു.വിലേക്കു മാറ്റി. ഏറെനാളായി രോഗികളില്ലാതിരുന്നതിനാല്‍ അടഞ്ഞുകിടന്ന ഇവിടെ ജീവനക്കാരെ നിയോഗിച്ചാണ് ഇവരെ പ്രവേശിപ്പിച്ചത്.
ശ്വാസം മുട്ടലുള്‍പ്പെടെയുള്ളവര്‍ വീണ്ടുമെത്തിയതോടെയാണ് കിടത്തിച്ചികിത്സ വേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്. ഏതാനും ആഴ്ചമുമ്പ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മെഡിസിന്‍ വിഭാഗം ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച 75 ശതമാനം പേരിലും ശ്വാസം മുട്ടലും ആസ്ത്മ ലക്ഷണങ്ങളുമുണ്ടായിരുന്നു. ഇപ്പോഴും ഇവിടെ ഇത്തരം രോഗികള്‍ ചികിത്സയിലുണ്ട്.
കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ വീണ്ടും തുടങ്ങിയിട്ടും വാക്സിന്‍ എത്തിക്കാനുള്ള ഒരു ശ്രമവും ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 31-നു ജില്ലയില്‍ നിലവിലുണ്ടായിരുന്ന വാക്സിനുകളുടെ എല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഭൂരിഭാഗം പേരും സ്വീകരിച്ച കോവിഷീല്‍ഡ് വാക്സിന്‍ അതിനുശേഷം ഇതുവരെ ജില്ലയ്ക്ക് ലഭ്യമായിട്ടില്ല. കോവാക്സിന്‍ മാത്രമാണ് അല്‍പ്പമെങ്കിലുമുണ്ടായിരുന്നത്. ഇപ്പോള്‍ ജില്ലാ സംഭരണകേന്ദ്രത്തിലും അതു തീര്‍ന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് കോവാക്സിനുള്ളത്.
വേനല്‍കടുത്തതോടെ ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള രോഗഭീഷണിയും ജില്ലയിലുണ്ട്. ചില ദിവസങ്ങളില്‍ പത്തുപേര്‍ക്കുവരെ രോഗം പിടിപെടുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ വയറിളക്കരോഗങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.
Content Highlights: covid icu reopened at alappuzha medical college because of asthma symptoms in fever patients
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..