പ്രതീകാത്മക ചിത്രം | Photo - Ridhin Damu
ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ ഡൽഹിയിൽ മരണം വൻതോതിൽ കൂടിയതിന് ശ്മശാനങ്ങളിൽ നിയന്ത്രണമില്ലാതെ നടന്ന ശവദാഹവും കാരണമായതായി പഠനം. താത്കാലിക ശ്മശാനങ്ങളടക്കം ഉണ്ടാക്കി മൃതദേഹങ്ങൾ ദഹിപ്പിച്ചതിലൂടെ അന്തരീക്ഷമലിനീകരണം വൻതോതിൽ കൂടി. പ്രതല ഓസോണിന്റെ അളവിലും ക്രമാതീതവർധനയുണ്ടായി. ശ്വാസകോശരോഗങ്ങൾ കൂടാനും കോവിഡ്രോഗികളിൽ സ്ഥിതി ഗുരുതരമാക്കാനും ഇത് കാരണമായി.
കോവിഡ്രോഗികൾക്ക് ശ്വാസതടസ്സം ഉണ്ടാവുന്ന വേളയിൽ ഓസോൺ വാതകത്തിന്റെ വർധന പെട്ടെന്നുള്ള മരണത്തിനിടയാക്കിയെന്നാണ് മലയാളികളായ അഞ്ചുശാസ്ത്രജ്ഞർ കണ്ടെത്തിയത്. ലോകാരോഗ്യസംഘടനയുടെ ഗണിതശാസ്ത്രമാതൃക ഉപയോഗിച്ചുള്ള പഠനം അന്താരാഷ്ട്ര ജേണലായ ടോക്സിക്കിൽ പ്രസിദ്ധീകരിച്ചു.
ഡോ. എം.ജി. മനോജ് (കൊച്ചി സർവകലാശാല), ഡോ. എം.കെ. സതീഷ് കുമാർ (മണിപ്പാൽ സർവകലാശാല), ഡോ. നിഷാന്ത് (ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്), പ്രൊഫ. കല്യാട്ട് വത്സരാജ് (അമേരിക്കയിലെ ലുയിസിയാന യൂണിവേഴ്സിറ്റി), സൗമ്യാ വിജയൻ (പരിയാരം മെഡിക്കൽ കോളേജ്) എന്നിവരാണ് അന്തരീക്ഷമലിനീകരണവും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.
ഇന്ത്യയിൽ ആദ്യമായി ഇതു സംബന്ധിച്ചു നടന്ന പഠനത്തെ ലോകാരോഗ്യസംഘടനയും അഭിനന്ദിച്ചു. നാലാംതരംഗസാധ്യത മുന്നിൽക്കണ്ട് അധികൃതർ മലിനീകരണനിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. എം.കെ. സതീഷ് കുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..