തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി. relief.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐ.സി.എം.ആര്‍. നല്‍കിയത്), ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പേരും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍കൂടി നല്‍കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷന്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചേര്‍ക്കാം.

ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് അപേക്ഷയ്ക്ക് അന്തിമ അംഗീകാരം ലഭിക്കും. 50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കാനുള്ള രേഖകളിലെ പിശക് പരിഹരിക്കുന്നതിനും അംഗീകൃത മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആരോഗ്യവകുപ്പ് നേരത്തേ സജ്ജീകരണം ഒരുക്കിയിരുന്നു. മതിയായ രേഖകളില്ലാത്തതുകാരണം ഉള്‍പ്പെടുത്താതിരുന്ന മരണങ്ങളും സുപ്രീം കോടതി നിര്‍ദേശപ്രകാരം പ്രഖ്യാപിച്ച പുതിയ മാനദണ്ഡപ്രകാരം ഉള്‍പ്പെടുത്തേണ്ട മരണങ്ങളും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തുതുടങ്ങിയിട്ടുണ്ട്. ഇവയടക്കം 32049 മരണങ്ങള്‍ തിങ്കളാഴ്ചവരെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

Content Highlights: Covid death compensation online application, Covid19