തിരുവനന്തപുരം: കോവിഡ് മരണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. മരണകാരണം കോവിഡ് ആണെന്ന് രേഖപ്പെടുത്തി ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള മരണസര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് സഹായത്തിന് അര്‍ഹത.

നേരത്തേ മരണകാരണം നിശ്ചയിച്ചതുസംബന്ധിച്ച് പരാതി ഉള്ളവര്‍ക്കും കേന്ദ്രത്തിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്കും മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കാം. ജില്ലാതല സമിതിയുടെ പരിശോധനകള്‍ക്കുശേഷം നല്‍കുന്ന കോവിഡ്മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ആനുകൂല്യത്തിനായി പരിഗണിക്കും.

മരിച്ചയാളുടെ അടുത്തബന്ധുവിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള പ്രത്യേക മാര്‍ഗരേഖ ദുരന്തനിവാരണ വകുപ്പുകൂടി പുറത്തിറക്കുന്നമുറയ്ക്ക് നഷ്ടപരിഹാരവിതരണം ആരംഭിക്കും.

പരാതികള്‍ പരിഹരിക്കുന്നതിനും കേന്ദ്രം നിര്‍ദേശിച്ച മാതൃകയിലുള്ള കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും എല്ലാ ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സമിതിക്ക് (കോവിഡ്-19 ഡെത്ത് അസര്‍ടെയ്നിങ് കമ്മിറ്റി -സി.ഡി.എ.സി.) രൂപം നല്‍കും. അഡീഷണല്‍ ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍, അതത് ജില്ലകളിലെ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി (മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളില്‍ ജില്ലാ സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍-നോണ്‍ കോവിഡ്), പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

എങ്ങനെ അപേക്ഷ നല്‍കാം: ഇ-ഹെല്‍ത്ത് വിഭാഗം വികസിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഒക്ടോബര്‍ പത്തിന് നിലവില്‍ വരും. തദ്ദേശസ്ഥാപനത്തില്‍ മരണം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിലെ രജിസ്ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും മരണകാരണം സംബന്ധിച്ച് പരാതിയുള്ളവര്‍ക്കും ജില്ലാതല സമിതിക്ക് അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് മരണം സബന്ധിച്ചുള്ള ആവശ്യത്തിനായി ഇ-ഹെല്‍ത്ത് ഡെത്ത് ഇന്‍ഫോ വെബ്സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനം പ്രഖ്യാപിക്കുന്ന കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരം ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ ബന്ധുക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം.

Content Highlights: Covid death compensation guidelines, Health