തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായധനം ലഭിക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ തിരക്ക്. ക്യാമ്പ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തുടരും.

ഓരോ താലൂക്കിലെയും ദുരന്തനിവാരണവിഭാഗം ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങിയ സംഘമാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്. അര്‍ഹതപ്പെട്ട എല്ലാവരെയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യും. കോവിഡ് കാരണം മരിച്ചവരുടെ അവകാശികള്‍ ആരാണെന്നുള്ള വിവരം, അവകാശികളുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍കാര്‍ഡ് എന്നിവചേര്‍ത്ത് അക്ഷയകേന്ദ്രങ്ങള്‍വഴി relief.kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ അപേക്ഷകളില്‍ ചിലത് വ്യക്തമായിരുന്നില്ല. അങ്ങിനെയുള്ളവര്‍ക്കും നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും വേണ്ടിയാണ് വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ക്യാമ്പ് ആരംഭിച്ചത്.

ഗുണഭോക്താക്കളെ ക്യാമ്പുകളില്‍ എത്തിക്കാന്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരംവരെ 11,701 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1150 പേര്‍ക്ക് തുക അനുവദിച്ചു.

Content Highlights: Rush at Covid death compensation camps