കോവിഡ് കാലം തുടങ്ങിയതിനുശേഷം കുട്ടികള്‍ക്ക് കാഴ്ചശക്തി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ചെറിയ കുട്ടികള്‍ക്കടക്കം കണ്ണട നിര്‍ബന്ധമാവുന്നതും പുതിയ പ്രവണതയാണ്. ചെറിയ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളിലുള്ളവര്‍ക്കുവരെ കാഴ്ചശക്തി കുറഞ്ഞുവരുന്നതായി പ്രവാസികളായ രക്ഷിതാക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ദിനംപ്രതി ഒട്ടേറെ രക്ഷിതാക്കളാണ് സമീപിക്കുന്നതെന്ന് യു.എ.ഇ.യിലെ നേത്രരോഗ വിദഗ്ധരും അറിയിച്ചു.

കുട്ടികളിലെ കാഴ്ചശക്തി ന്യൂനത പുതിയ പ്രതിഭാസമല്ലെങ്കിലും കോവിഡ് കാലത്ത് ഹ്രസ്വദൃഷ്ടി വര്‍ധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമല്ല കാഴ്ചശക്തി കുറയാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റുസമയങ്ങളിലും കുട്ടികള്‍ കൂടുതലായി കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതും വെല്ലുവിളിയാണ്. അഞ്ചുവയസ്സുവരെയുള്ളവര്‍ ദിവസം രണ്ടുമണിക്കൂറും അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ 4-5 മണിക്കൂറുമായി കംപ്യൂട്ടര്‍ ഉപയോഗം നിജപ്പെടുത്തണമെന്ന് അബുദാബി അഹല്യ ആശുപത്രിയിലെ നേത്രരോഗവിദഗ്ധ ഡോ.നിമ പറഞ്ഞു.

വൈദ്യശാസ്ത്രത്തില്‍ 'മയോപ്പിയ' എന്ന പേരില്‍ അറിയപ്പെടുന്ന കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി. അടുത്തുള്ളവ കാണാമെങ്കിലും ദൂരെയുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കാതെവരുന്ന അവസ്ഥയാണിത്. അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ പതിയേണ്ടതിന് പകരം റെറ്റിനയുടെ മുന്നില്‍ പതിയുന്നതാണ് ഇതിനുകാരണം. തിമിരം, ഗ്ലോക്കോമ എന്നിവയും ഹ്രസ്വദൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള നേത്രരോഗങ്ങളാണ്. കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ വേഗത്തില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

പഠനാവശ്യത്തിന് കൂടുതലും ടി.വി. സ്‌ക്രീനുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കാഴ്ചവൈകല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ കുട്ടികള്‍ കംപ്യൂട്ടറില്‍ പഠിക്കുന്നതാണോ കളിക്കുന്നതാണോയെന്ന് രക്ഷിതാക്കള്‍ക്കും കൃത്യമായും നിരീക്ഷിക്കാന്‍ സാധിക്കും. കാഴ്ചവൈകല്യത്തിന് പുറമെ കുട്ടികള്‍ക്ക് തലവേദനയും അനുഭവപ്പെടുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

പഠനത്തിനുപുറമേ കുട്ടികള്‍ അനാവശ്യമായി സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ബോധവത്കരണം നടത്തണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 Content Highlights: covid crisis, Children are reported to have poor eyesight