ഗൂഡല്ലൂര്‍: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീലഗിരിയിലും കര്‍ശന പരിശോധന തുടങ്ങി. ജില്ലാ അതിര്‍ത്തിയിലെ അന്തര്‍സംസ്ഥാന ചെക്‌പോസ്റ്റുകളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് സമീപത്തു സജ്ജീകരിച്ച വാക്‌സിനേഷന്‍ ക്യാമ്പുകള്‍വഴി വാക്‌സിന്‍ നല്‍കാന്‍ ജില്ലാഭരണകൂടം പ്രത്യേക ഉത്തരവ് നല്‍കി.

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച പൂര്‍ണവിവരങ്ങളും ആരായുന്നുണ്ട്. രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കുമാത്രമാണ് പ്രവേശനം. കുത്തിവെപ്പെടുക്കാത്തവരെ തിരിച്ചയക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍ക്കും ആദ്യഡോസ് കുത്തിവെപ്പെടുത്തശേഷം രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കുസമീപം വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജീകരിച്ച് കുത്തിവെപ്പെടുക്കാത്തവരെ അതിന് പ്രേരിപ്പിക്കുന്നുണ്ട്.

ബസുകളില്‍ യാത്രക്കാരുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തി. തിരിച്ചറിയല്‍ കാര്‍ഡ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുപുറമേ സംസ്ഥാനത്തിനകത്തെവിടെയും യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് കൈയില്‍ സൂക്ഷിക്കാനും ആവശ്യമെങ്കില്‍ അധികൃതരെ കാണിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ആശുപത്രികളും സജ്ജം

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 977 കിടക്കകള്‍ സജ്ജീകരിച്ചു. വ്യാപന പശ്ചാത്തലത്തില്‍ കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യം കൂട്ടാനാണ് നടപടി. ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 573 കിടക്കകള്‍, 325 സാധാരണ കിടക്കകള്‍, ഐ.സി.യു. എന്നിവ ഏര്‍പ്പെടുത്തി. ഗൂഡല്ലൂര്‍ ഉള്‍പ്പെടെയുള്ള താലൂക്കാശുപത്രികളിലും വെന്റിലേറ്ററും ഓക്‌സിജന്‍ സൗകര്യവുമുള്ള 79 കിടക്കകളുള്ള വാര്‍ഡുകളും ഏര്‍പ്പെടുത്തി. പ്രത്യേക ഐ.സി.യു.വുമുണ്ട്. നിലവില്‍ 930 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. രോഗബാധിതരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും തിരിച്ചറിയാന്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രം പ്രവേശനം

രണ്ടു ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളിലുള്‍പ്പെടെ പ്രവേശനം അനുവദിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. സര്‍ക്കാര്‍ ഓഫീസുകളിലുള്‍പ്പെടെ 50 ശതമാനം ഹാജര്‍ നിബന്ധനയും തിരികെക്കൊണ്ടുവന്നിട്ടുണ്ട്. അടുത്തയാഴ്ച, പൊങ്കലിനുശേഷം ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കും.

ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 731 പേര്‍; 73 പേര്‍ക്കുകൂടി കോവിഡ്

കല്പറ്റ: ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 731 പേര്‍. വ്യാഴാഴ്ച 73 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണനിരക്ക് 4.16 ആണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,36,001 ആയി. നിലവില്‍ 765 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 733 പേര്‍ വീടുകളിലാണ്. പുതുതായി 968 പേര്‍ ഉള്‍പ്പെടെ ആകെ 6715 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 1039 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവര്‍: ബത്തേരി ഒമ്പത്, പൂതാടി ആറ്, മാനന്തവാടി, മുള്ളന്‍കൊല്ലി, പനമരം അഞ്ചുവീതം, നെന്മേനി, തരിയോട് നാലുവീതം, കണിയാമ്പറ്റ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, പുല്പള്ളി, വെള്ളമുണ്ട മൂന്നുവീതം, എടവക, മേപ്പാടി, വൈത്തിരി രണ്ടുവീതം, അമ്പലവയല്‍, കല്പറ്റ, മീനങ്ങാടി, മുട്ടില്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും ഗോവയില്‍നിന്നെത്തിയ രണ്ട് മുട്ടില്‍ സ്വദേശികള്‍ക്കും ഡല്‍ഹിയില്‍നിന്നെത്തിയ എടവക സ്വദേശിക്കും ദുബായില്‍നിന്നെത്തിയ കണിയാമ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

പ്രത്യേക കേന്ദ്രങ്ങളിലൂടെ വാക്‌സിന്‍ നല്‍കും

നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ കൊറോണ വ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്. എടുക്കാത്തവര്‍ക്ക് സമീപത്തെ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നല്‍കാന്‍ സൗകര്യമുണ്ട്. ജില്ലാ അതിര്‍ത്തിയിലെ ചെക്‌പോസ്റ്റുകളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ക്യാമ്പുകള്‍വഴി വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

-എസ്.പി. അമൃത്, കളക്ടര്‍, നീലഗിരി

കണ്‍ട്രോള്‍ റൂം തുറന്നു

ഊട്ടിയില്‍ കളക്ടറുടെ ഓഫീസില്‍ കൊറോണ കണ്‍ട്രോള്‍ റൂം (വാര്‍ റൂം) വീണ്ടും തുറന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീലഗിരിയില്‍ മടങ്ങിയെത്തിയവരുടെ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച് കൊറോണ പരിശോധന നടത്തിയിട്ടുണ്ടോയെന്നും അവര്‍ രോഗബാധിതരാണോയെന്നും നിലവില്‍ ക്വാറന്റീനിലാണോയെന്നും പരിശോധിക്കുന്നുണ്ട്.

Content highlights: covid cases spreading  strict inspection in nilgiris