Representative Image | Photo: PTI
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 4370 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഒരുശതമാനത്തിനുമുകളിലാണ് രോഗസ്ഥിരീകരണനിരക്ക്. 34 ദിവസത്തിനുശേഷമാണ് പോസിറ്റിവിറ്റി നിരക്ക് ഒന്നിനുമുകളിൽ എത്തുന്നത്. എന്നാൽ, കേസുകളിലെ വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നാലാംതരംഗത്തിന്റെ സൂചനയല്ല ഇതെന്നും ഐ.സി.എം.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു. ജില്ലാതലത്തിൽ ജാഗ്രതപാലിക്കണം. അഞ്ചുസംസ്ഥാനങ്ങളിലെ ഏതാനുംജില്ലകളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നതെന്നും ഈസംസ്ഥാനങ്ങളിൽ മൊത്തത്തിൽ രോഗവ്യാപനം റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
24,052 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,24,692 ആയി. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.84 ശതമാനമാണ്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗബാധ. രണ്ടുസംസ്ഥാനങ്ങളിലും 1500-ലധികം കേസുകളാണ് റിപ്പോർട്ടുചെയ്തത്.
12 പേർക്ക് കോവിഡ് ഉപവകഭേദം ബാധിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ 12 പേർക്ക് കോവിഡ് ഉപവകഭേദം ബാധിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4 നാലുപേർക്കും ബിഎ.5 എട്ടുപേർക്കുമാണ് ബാധിച്ചത്.
മേയ് 21-നും 26-നും ഇടയിൽ ശേഖരിച്ച സാംപിളുകൾ ജനിതകപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉപവകഭേദം ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സയിൽ കഴിഞ്ഞ 12 പേരും ആശുപത്രി വിട്ടെങ്കിലും വീട്ടിൽ രണ്ടാഴ്ചകൂടി സമ്പർക്കവിലക്കിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈയിലും സമീപജില്ലകളായ ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ്ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
ചെന്നൈ, ചെങ്കൽപ്പെട്ട് ജില്ലകളിലെ കോളേജുകളിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിരുന്നു.
ഇതേത്തുടർന്ന് കോളേജുകളിലെ എല്ലാ വിദ്യാർഥികളെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ബിഎ.4, ബിഎ.5 എന്നീ ഉപവകഭേദങ്ങൾ പല സംസ്ഥാനങ്ങളിലും അതിവേഗം പടരുന്നുണ്ട്. മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Content Highlights: covid cases rising in india, icmr covid report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..