ന്യൂഡല്‍ഹി: ഇന്ത്യയില്‍കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെല്‍റ്റയ്ക്ക് (ബി.1.617.2) ജനിതകമാറ്റം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് (കെ.417.എന്‍) കൂടുതല്‍ അപകടകാരിയെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് രണ്ടാംതരംഗം ഗുരുതരമാക്കിയത് രോഗവ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റയായിരുന്നു. ഡെല്‍റ്റ പ്ലസ് കുറച്ചുപേരിലെ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

വാക്‌സിന്‍ നല്‍കുന്ന പ്രതിരോധത്തെയും മരുന്നുകളെയും പോലും മറികടക്കാനുള്ള ശേഷി ഡെല്‍റ്റ പ്ലസിനുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ചറിയാന്‍ വൈറസിന്റെ ജനിതകശ്രേണീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുകയാണ്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച പൊതുരൂപം മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഈ വകഭേദം കൂടുതലായി കണ്ടതിനാല്‍ നാം ജാഗ്രത പാലിക്കണമെന്ന് സി.എസ്.ഐ.ആര്‍.-ഐ.ജി.ഐ.ബി. ഗവേഷകനായ വിനോദ് സ്‌കറിയ പറഞ്ഞു

Content Highlights: Covid 19 updates covid second wave