Photo:PTI
ലണ്ടന്‍: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ, ആല്‍ഫ വകഭേദത്തെക്കാള്‍ 40 ശതമാനം വേഗത്തില്‍ പടരുന്നതായി ബ്രിട്ടന്. ഗവേഷകരുടെ ഏറ്റവുംപുതിയ കണ്ടെത്തലുകള്‍ ഇക്കാര്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. എന്നാല്‍, രണ്ടു ഡോസ് വാക്സിന് എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുഡോസ് വാക്സിന് സ്വീകരിക്കുന്നത് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ തടയാന്‍ ഫലപ്രദമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ആല്‍ഫ വ്യാപനത്തെത്തുടര്‍ന്ന് ജനുവരിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ജൂണ്‍ 21-നു നീക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഡെല്‍റ്റ വകഭേദം ഇതിനു തടസ്സം സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് രാജ്യം. 2.7 കോടി പേര്‍ക്കാണ് ബ്രിട്ടനില്‍ വാക്സിന്റെ രണ്ടുഡോസുകളും നല്‍കിയത്.
നാലുകോടിയിലേറെപ്പേര് ഒരു ഡോസും സ്വീകരിച്ചു. 12 വയസ്സിനുമുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിദഗ്ധ ഉപദേശം തേടുകയാണെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.
ലോകത്ത് രോഗികള്‍ 17 കോടി കടന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 കോടി 37 ലക്ഷം കടന്നു. 37 ലക്ഷംപേര്‍ ഇതുവരെ രോഗബാധിതരായി മരിച്ചു. ഒരു കോടി 31 ലക്ഷം പേര് ചികിത്സയില്‍ തുടരുന്നു. ഇതുവരെ 15 കോടി 66 ലക്ഷം പേര് രോഗമുക്തി നേടി.
യു.എസ്., ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, ബ്രിട്ടന്, ഇറ്റലി, അര്‍ജന്റീന, ജര്‍മനി എന്നിവയാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ പത്തുരാജ്യങ്ങളിലുള്ളത്. ഞായറാഴ്ച രണ്ടുലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അയ്യായിരത്തോളം പേര് രോഗം ബാധിച്ച് മരിച്ചു.
കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ.
കോവിഡിനെ ലോകത്തുനിന്നു തുടച്ചു നീക്കുന്നത് ഇപ്പോഴത്തെ ലക്ഷ്യമല്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ജനങ്ങള്‍ രോഗത്തിനൊപ്പം ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. പ്രത്യേക സ്ഥാനപതി ഡോ. ഡേവിഡ് നബാരോ അഭിപ്രായപ്പെട്ടു. വൈറസ് ഉടനെയൊന്നും നശിക്കില്ലെന്നും വകഭേദങ്ങള്‍ ഉണ്ടാകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Covid 19 updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..