Representational Image | Photo:PTI|File
ന്യൂഡൽഹി: രാജ്യത്തെ 45 ശതമാനം പേർ കോവിഡ് ചികിത്സിച്ചത് കടം വാങ്ങിയെന്ന് പഠനസർവേ. ഗ്രാമീണ ഇന്ത്യയിൽ കോവിഡ് ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് ജെസ്യൂട്ട് കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിൽ ഡൽഹി ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കോൺഫറൻസ് ഡെവലപ്മെന്റ്, ലോക് മഞ്ച് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് കോവിഡ് ചികിത്സ ബാധ്യതയായതായി കണ്ടെത്തിയത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ 46 ജില്ലകളിലെ 474 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്.
25 ശതമാനം പേർക്ക് പതിനായിരത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി സർവേ ചൂണ്ടിക്കാട്ടുന്നു. 32 ശതമാനത്തിന് അയ്യായിരത്തിലധികവും. 60 ശതമാനം പേർ അലോപ്പതി ചികിത്സയും 23 ശതമാനം പേർ ആയുർവേദ ചികിത്സയും തിരഞ്ഞെടുത്തു. കേരളം, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് ചികിത്സയ്ക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപയോഗിച്ചതായി 11 ശതമാനം പേർ പ്രതികരിച്ചു. കടം വാങ്ങിയിട്ടും 46 ശതമാനം പേർക്ക് കോവിഡ് ചികിത്സ ലഭിക്കുന്നതിൽ കാലതാമസമുണ്ടായി.
പൊതുജനാരോഗ്യ സംവിധാനങ്ങൾ 67 ശതമാനം പേർക്ക് പ്രാപ്യമായിരുന്നു. എന്നാൽ, യു.പി, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് അപര്യാപ്തതയുണ്ടായിരുന്നു. ഇതിനാൽ 34 ശതമാനം പേർക്ക് സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. തങ്ങളുടെ പ്രദേശത്തുള്ളവർക്ക് കോവിഡ് ചികിത്സ താങ്ങാൻ കഴിഞ്ഞില്ലെന്ന് 77 ശതമാനം ആശാവർക്കർമാരും അഭിപ്രായപ്പെട്ടു.
കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തിലും 71 ശതമാനം പേർക്ക് ജീവനോപാധികൾ നഷ്ടമായി. ഇതിൽ 34 ശതമാനം പേരും വനിതകളാണ്. 21 ശതമാനം പേർക്ക് ദേശീയ തൊഴിലുറപ്പ് നിയമപ്രകാരമുള്ള എം.ജി.എൻ.ആർ.ഇ.ജി.എ. പ്രകാരമുള്ള തൊഴിൽ ലഭ്യമായില്ല. 14 ശതമാനം പേർക്ക് മാസത്തിൽ ആകെ തൊഴിൽ ലഭിച്ചത് അഞ്ച് ദിവസമാണ്. 56 ശതമാനം കുട്ടികൾക്കും സ്കൂൾ ഉച്ചഭക്ഷണം നിഷേധിക്കപ്പെട്ടു. ഡിജിറ്റൽ സൗകര്യങ്ങളുടെ അഭാവംകാരണം 46 ശതമാനം കുട്ടികൾക്ക് പഠനനഷ്ടമുണ്ടായി.
Content Highlights: covid 19 treatment, loans for covid treatment, covid debt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..