തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകവകഭേദം വന്ന കൊറോണ വൈറസ് ആണോ എന്നകാര്യം പ്രത്യേകം പഠനവിധേയമാക്കും. ആള്‍ക്കൂട്ടമാണ് രോഗം വീണ്ടും പടരാന്‍ കാരണമെന്ന് കരുതുമ്പോഴും പലരാജ്യങ്ങളിലും രണ്ടാംതരംഗത്തിന് കാരണമായത് വൈറസിനുണ്ടായ ജനിതകമാറ്റമാണെന്ന വിലയിരുത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാജില്ലയില്‍നിന്നും സാംപിള്‍ ശേഖരിച്ച് വിദഗ്ധ പഠനം നടത്താന്‍ ആലോചിക്കുന്നത്. നിലവില്‍ കേരളത്തില്‍നിന്നുള്ള സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്.

വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠനം നടത്താനുള്ള ശുപാര്‍ശകളും പരിഗണനയിലുണ്ട്. ഡല്‍ഹിയില്‍ സി.എസ്.ഐ.ആറിനുകീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നും കൂടുതല്‍ പഠനം നടത്തും.

നേരത്തേ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനതിക ശ്രേണീകരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയിരുന്നു. രോഗകാരണമായ സാഴ്സ് കൊറോണ വൈറസ്-2 ആര്‍.എന്‍.എ. വൈറസ് ആയതിനാല്‍ ജനിതകമാറ്റത്തിലൂടെ വകഭേദം വരാന്‍ സാധ്യതകൂടുതലാണെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തല്‍.

കര്‍ണാടകം, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പടരുന്നത് ബി.1. 617 എന്ന വകഭേദമാണെന്നാണ് വിലയിരുത്തല്‍. ഈ വൈറസിന്റെ സമാനസ്വഭാവമാണ് കേരളത്തിലും കണ്ടുവരുന്നത്. നിലവിലുള്ള പ്രതിരോധമരുന്നുകള്‍ ഈ വകഭേദങ്ങളെ ചെറുക്കുന്നതാണ്. സെപ്റ്റംബറിലാണ് വൈറസിന്റെ യു.കെ. വകഭേദം (ബി 1.1.7) കണ്ടെത്തിയത്. പകര്‍ച്ചാനിരക്കും മരണസാധ്യതയും കൂടുതലാണ് ഇതിനെന്നതാണ് പ്രത്യേകത. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയിലും ജനുവരിയില്‍ അമേരിക്കയിലും മറ്റൊരുവകഭേദം (ബി 1.351) കണ്ടെത്തി. ബ്രസീലില്‍നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ ഇനം (പി 1) കണ്ടെത്തിയത്.

ഇതുവരെ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ജനിതക വകഭേദം വന്നവ മാരക വൈറസിനെ കണ്ടെത്തിയത്. ഈ രാജ്യങ്ങളില്‍നിന്നുവന്ന 113 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 109 പേരുടെ പരിശോധനാഫലം പിന്നീട് നെഗറ്റീവ് ആയി. 11 പേരില്‍മാത്രമാണ് ജനിതകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് തടയാനായിട്ടുണ്ട്. എന്നാല്‍ 60 ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധമരുന്ന് നല്‍കിയാല്‍ മാത്രമേ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചതായി അവകാശപ്പെടാനാവൂ.

Content Highlights: Covid 19 second wave updates