തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ 10-ാം തീയതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുതല്‍ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത് വരുന്നതായിരിക്കും ഗുണകരം.

കരുതല്‍ ഡോസ് എങ്ങനെ ബുക്കുചെയ്യാം

കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തേ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രികോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂള്‍ പ്രികോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം.

Content Highlights: Covid-19 precautionary dose third dose covid vaccine