മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കോവിഡിനെ പിടിച്ചുകെട്ടാനുള്ള അവധികാലം ആരംഭിച്ചു. പ്രതിദിന രോഗികളും മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് നടപടി.

ഒക്ടോബർ 30 മുതൽ ഒരാഴ്ച രാജ്യത്ത് ശമ്പളത്തോടെയുള്ള അവധി നൽകുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് മോസ്കോയിൽ നിയന്ത്രണങ്ങൾ നിലവിൽവന്നത്. മോസ്കോയിലെ കടകളിൽ ഭുരിഭാഗവും അടച്ചു. സ്കൂളുകൾ, ജിമ്മുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും പ്രവർത്തനം നിർത്തി. ഹോട്ടലുകൾക്ക് പാഴ്സലായി മാത്രമേ ഭക്ഷണം നൽകാൻ അനുമതിയുള്ളൂ. വാക്സിൻ സ്വീകരിക്കാത്ത 60 വയസ്സിനു മുകളിൽ പ്രായമുള്ളവരോട് വീട്ടിലിരിക്കാൻ നിർദേശംനൽകിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,159 പേർ രോഗബാധിതരായി മരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 2,35,057 ആയി ഉയർന്നു.

പ്രതിദിന രോഗികളുടെ എണ്ണം 40,096 ആയി ഉയർന്നു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ തിങ്കളാഴ്ചയിലെ 37,930 രോഗികളെന്ന റെക്കോഡാണ് മറികടന്നത്. ജനസംഖ്യയുടെ മൂന്നിലൊന്നുമാത്രമേ കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുള്ളൂവെന്നതാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. ലോകത്തിൽ ആദ്യമായി കോവിഡ് വാക്സിന് അനുമതി നൽകിയ രാജ്യമാണ് റഷ്യ. എന്നാൽ, പിന്നീട് വാക്സിനെതിരായുണ്ടായ ശക്തമായ പ്രചാരണം വിതരണത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ചൈനയിൽ മൂന്നു ന​ഗരങ്ങളിൽ ലോക്ഡൗൺ

ബെയ്ജിങ്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ചൈനയിലെ ഹെയ്ലോൺഷിയാങ് പ്രവിശ്യയിലെ ഹെയ്ഹെന ന​ഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി. 16 ലക്ഷം പേരെ രോ​ഗപരിശോധനയ്ക്ക് വിധേയമാക്കി. ബസ്, ടാക്സി സർവീസുകൾ നിർത്തലാക്കി. ന​ഗരം വിടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 60 ലക്ഷത്തോളം പേരാണ് ഹെയ്ഹെയിലുള്ളത്. രാജ്യത്തെ പുതിയ കോവിഡ് തരം​ഗത്തെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മൂന്നാമത്തെ ന​ഗരമാണിത്. ലാൻഷൗ, എജിൻ ന​ഗരങ്ങളിലാണ് ഈയാഴ്ച ലോക്ഡൗൺ ഏർ‌പ്പെടുത്തിയത്. 

വ്യാഴാഴ്ച 23 പേർക്കാണ് ചൈനയിൽ‌ രോ​ഗബാധ സ്ഥിരീകരിച്ചത്. അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ തുടങ്ങുന്ന ശീതകാല ഒളിമ്പിക്സിനു മുന്നോടിയായി രോ​ഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുകയാണ് കടുത്ത നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: COVID-19 outbreaks lockdown in moscow and china