പ്രതീകാത്മക ചിത്രം | Photo: A.N.I
ന്യൂഡല്‍ഹി: അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ എക്സ്.ബി.ബി.-1.5 എന്ന ഒമിക്രോണ്‍ സങ്കരയിന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു.
ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം) അറിയിച്ചു. ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ളതാണ് എക്സ്.ബി.ബി. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരില്‍ ഓഗസ്റ്റിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. എക്സ്.ബി.ബി.-1, എക്സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങള്‍. എക്സ്.ബി.ബി. മഹാരാഷ്ട്രയിലുള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുനൂറിലേറെ സജീവ രോഗികളും രാജ്യത്തുണ്ട്. പുതുവത്സരം ഉള്‍പ്പെടെയുള്ള ആഘോഷാവസരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.
കരുതിയിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍
ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡ് വകഭേദം എക്സ്.ബി. ബി.യാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധിവിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം പറഞ്ഞു. അമേരിക്കയിലെ പുതിയ 41 ശതമാനം ഒമിക്രോണ്‍ കേസുകളും എക്സ്.ബി.ബി.-1.5 കാരണമാണ്. അതിനാല്‍ കരുതിയിരിക്കണമെന്നും മൈക്കല്‍ പറഞ്ഞു.
തീവ്രതരംഗത്തിന് സാധ്യതയില്ല
2021-നെ അപേക്ഷിച്ച് ഒമിക്രോണ്‍ നേരിടുന്നതില്‍ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വലിയ മാറ്റമുണ്ടായതായി ഡല്‍ഹി എയിംസ് മുന്‍മേധാവി രണ്‍ദീപ് ഗുലേറിയ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയൊരു കോവിഡ് തരംഗമുണ്ടായാല്‍ത്തന്നെ നേരിയ ലക്ഷണങ്ങളോടെയുള്ള രോഗബാധയാകാനാണ് സാധ്യത. ആശുപത്രിക്കേസുകള്‍ വര്‍ധിക്കാനും മരണങ്ങള് കൂടാനും സാധ്യതയില്ല. അടച്ചിടലുകളുമുണ്ടാകില്ല. എങ്കിലും കോവിഡ് മാദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കാരണം, പ്രവചനാതീതമാണ് വൈറസിന്റെ ജനിതകമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: covid 19 new varient xbb 1.5, xbb 1.5 first case reported in india, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..