ന്യൂഡൽഹി\തിരുവനന്തപുരം: രാജ്യത്ത് പുതിയതായി റിപ്പോർട്ടുചെയ്യുന്ന കോവിഡ് രോഗികളിൽ 55.8 ശതമാനവും കേരളത്തിലാണെന്നും രോഗപ്പകർച്ചയും മരണവും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പരിശോധന, സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ചികിത്സ, വാക്സിനേഷൻ, മറ്റുമുൻകരുതലുകൾ എന്നിവ ശക്തമാക്കാനാണ് നിർദേശം. വിദേശത്ത് നിന്നെത്തുന്നവരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ മുഴുവൻ സാംപിളുകളും ജനിതകശ്രേണീകരണത്തിന് അയക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിനുപുറമേ കർണാടക, ഒഡിഷ, ജമ്മു കശ്മീർ, മിസോറം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽനിന്നെത്തുന്നവരെ നിരീക്ഷിച്ച്‌ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകുന്നുണ്ടോയെന്ന്‌ പരിശോധിക്കണം. പോസിറ്റീവ് ആകുന്നവരുമായി സമ്പർക്കത്തിലാകുന്നവരെയും കണ്ടെത്തണം. ഡിസംബർ മൂന്നുവരെയുള്ള 30 ദിവസത്തെ കണക്കുകൾ വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പേർക്കാണ്‌ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 13 ജില്ലകളിലും രോഗികളാവുന്നവരുടെ എണ്ണം ഉയർന്നു നിൽക്കുകയാണ്. ഡിസംബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ തിരുവനന്തപുരത്ത് 5,541 പേരും എറണാകുളത്ത് 4,976 പേരും കോഴിക്കോട് 3,676 പേരും തൃശ്ശൂരിൽ 2,903 പേർക്കും കോട്ടയത്ത് 2,478 പേരും രോഗബാധിതരായി.

നാല് ജില്ലകളിൽ രോഗസ്ഥിരീകരണനിരക്ക് പത്തുശതമാനത്തിന് മുകളിലാണ്. തിരുവനന്തപുരം (11.61), വയനാട് (11.25), കോഴിക്കോട് (11), കോട്ടയം (10.81) എന്നീ ജില്ലകളിലാണ് രോഗസ്ഥിരീകരണനിരക്ക് കൂടുതൽ.

ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ കോവിഡ് മരണം നേരിയ തോതിൽ ഉയർന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. 2118 പേരാണ് ഇക്കാലയളവിൽ മരിച്ചത്. നവംബർ 26-ന് അവസാനിച്ച ആഴ്ചയിൽ 1890 പേർ മരിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ മരണസംഖ്യ കൂടുതലാണ്. തൃശ്ശൂരിൽ 128 പേരും മലപ്പുറത്ത് 109 പേരും കോഴിക്കോട്ട്‌ 82 പേരും കൊല്ലത്ത് 17 പേരുമാണ് നവംബർ 26-നും ഡിസംബർ രണ്ടിനുമിടയിൽ മരിച്ചത്. തൊട്ടുമുമ്പത്തെ ആഴ്ചയിലിത് 12, 70, 93, 43 എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞദിവസംവരെ 41,124 പേർ മരിച്ചതായാണ് ഔദ്യോഗികകണക്ക്.

ഒമിക്രോണുമായി ബന്ധപ്പെട്ട് നേരത്തേ പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യസെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കുന്നു.

Content highlights: covid 19 death rising in kerala new corona patiants number rising alarm