പ്രതീകാത്മക ചിത്രം
കോഴിക്കോട്: രണ്ടുവര്‍ഷംമുമ്പ് മാര്‍ച്ച് 23-നാണ് യു.എ.ഇ.യില്‍ നിന്നെത്തിയ കുറ്റ്യാടി, കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതോടെയാണ് ജില്ല കോവിഡ് ഭീതിയിലകപ്പെടുന്നത്. പിന്നെ ഓരോ ദിനവും കോവിഡ്ബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞും 6.72 ലക്ഷ (6,72,198)ത്തില്‍ എത്തി. 6,205 പേര് കോവിഡിന് കീഴടങ്ങി.
കണക്കുകള്‍ പുറത്തുവിടുന്നില്ലെങ്കിലും ഇപ്പോഴും പ്രതിദിനം ഇരുപതിനും മുപ്പതിനുമിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടുവര്‍ഷത്തിനുശേഷം ആളുകളില്‍ ഭീതിയകന്നിട്ടുണ്ട്. എങ്കിലും കോവിഡ് പാടെ നീങ്ങിയെന്ന് പറയാറായിട്ടില്ല.
അയ്യായിരം കടന്ന് ...
മാര്‍ച്ചിലാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഒക്ടോബറിലാണ് ജില്ലയില്‍ ദിവസേനയുള്ള രോഗികളുടെ എണ്ണം ആയിരം കടന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് കോവിഡ് കുതിച്ചുയരുന്നത് തടഞ്ഞത്. അതിനിടെ മേയ് മാസത്തില്‍ ജില്ല കോവിഡ്വിമുക്തമാവുകയും ചെയ്തിരുന്നു. 2021 ജനുവരി ആയപ്പോഴേക്കും കേസുകള്‍ കുറഞ്ഞ് നാനൂറിലേക്ക് എത്തിയെങ്കിലും രണ്ടാംവരവറിയിച്ച് ഏപ്രില്‍ വീണ്ടും കോവിഡ് ഭീതിയുടെ കാലമായി. ഏപ്രില്‍ അവസാനമായപ്പോഴേക്കും രോഗികളുടെ എണ്ണം അയ്യായിരമായി കുതിച്ചുയര്‍ന്നു. മേയ് ആറിന് 5,700 എന്ന ഏറ്റവും ഉയര്‍ന്ന കണക്കിലെത്തി. നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നിയന്ത്രണങ്ങളെല്ലാം അയഞ്ഞതാണ് കേസുകള്‍ ഇത്രകൂട്ടിയത്.
പിന്നീട് കോവിഡ് കുറഞ്ഞും കൂടിയുമുള്ള യാത്രയായിരുന്നു. 2021 ഡിസംബറില്‍ 249 എന്ന ചെറിയസംഖ്യയിലേക്കെത്തിയെങ്കിലും ഈ വര്‍ഷം മൂന്നാംതരംഗമായി ഒമിക്രോണ്‍ വകഭേദം വന്നതോടെ കോവിഡ് വീണ്ടും കുതിച്ചുയര്‍ന്നു.
ജനുവരിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അയ്യായിരത്തിലെത്തിയിരുന്നു. നിയന്ത്രണം വിടുമെന്ന് ഭയപ്പെടുത്തിയെങ്കിലും വേഗം കുറഞ്ഞു. മാര്ച്ചുമുതല്ത്തന്നെ നൂറില്‍ താഴെയായി രോഗികളുടെ എണ്ണം.
റൂട്ട് മാപ്പ് തയ്യാറാക്കല്‍, സി.സി.ടി.വി. പരിശോധന
ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന് 10 ദിവസംമുമ്പാണ് ബീച്ചാശുപത്രിയിലെത്തിയ, കോവിഡ് ബാധിതനായ മാഹി സ്വദേശി അവിടെനിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച വഴികളിലൂടെ പോലീസും ആരോഗ്യവകുപ്പും 'യാത്രചെയ്തു'. ഇദ്ദേഹം യാത്രചെയ്ത ഓട്ടോ കണ്ടെത്തി ഡ്രൈവറെയും കുടുംബത്തെയും നിരീക്ഷണത്തിലാക്കി. മാഹി സ്വദേശി ഭക്ഷണം കഴിക്കാന്‍ കയറിയ വടകരയിലെ ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. തലശ്ശേരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളിലെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ രോഗിയും ഒപ്പമുണ്ടായിരുന്നയാളും മുഖാവരണം ധരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്നത്തെ വാര്‍ത്തകളില്‍ പറയുന്നു. ജില്ലയില്‍ കോവിഡെത്തുന്നതിന് മുമ്പായതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി ഇതുവഴി വാഹനത്തില്‍ കോവിഡ് ബാധിച്ചവര്‍ കടന്നുപോവുന്നതുപോലും ആളുകളെ ഭീതിയിലാഴ്ത്തിയിരുന്നു.
നിറഞ്ഞുകവിഞ്ഞ് ആശുപത്രികള്‍...
കോവിഡ് കേസുകള്‍ കൂടിയതോടെ മെഡിക്കല്‍ കോളേജിലെ എട്ടുവാര്‍ഡുകള്‍ കോവിഡ് വാര്‍ഡുകളാക്കി മാറ്റി. ബീച്ചാശുപത്രി കോവിഡ് ആശുപത്രിയായി. ആശുപത്രികളില്‍ സൗകര്യമില്ലാതായതോടെ സി.എഫ്.എല്‍.ടി.സി.കള്‍ തുറന്ന് ആളുകളെ അവിടേക്ക് മാറ്റി.
കോവിഡ് ബാധിതരുമായി സമ്പര്ക്കമുള്ളവരെപ്പോലും നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി. കോവിഡ് കേസുകള്‍ കൂടുന്നതിനനുസരിച്ച് പലയിടത്തും കണ്ടെയ്ന്മെന്റ് സോണുകള്മുതല് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്വരെ നടപ്പാക്കി. ലോക്ഡൗണ്‍കാരണം തൊഴില്നഷ്ടമായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തു. നിയന്ത്രണങ്ങളില്‍ കുടുങ്ങി നാട്ടുകാരായ പലരും 'നിയമവിരുദ്ധമായി' സംസ്ഥാന അതിര്‍ത്തി കടന്നെത്തിയപ്പോള്‍ അവരെ പോലീസും ആരോഗ്യവകുപ്പും തേടിപ്പിടിച്ച് കണ്ടെത്തി. കേസും രജിസ്റ്റര്‍ ചെയ്തു.
കോവിഡ് ഉയര്‍ത്തിവിട്ട ഭീതി താത്കാലികമായെങ്കിലും മാറിയിരിക്കുകയാണ്. ജില്ലയില്‍ അയ്യായിരവും കടന്ന് കുതിച്ചുയര്‍ന്ന കോവിഡ് കേസുകള്‍ നിലവില്‍ ദിനംപ്രതി ഇരുപതുവരെ ആയി കുറഞ്ഞിട്ടുണ്ട്. പരിശോധനകള്‍ തുടരുന്നുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പും നിര്‍ത്തിയിരിക്കുകയാണ്
രണ്ടാം തരംഗം
ഒരുവര്‍ഷത്തോളം നീണ്ട കോവിഡിന്റെ ഒന്നാംവരവില്‍ 448 പേരാണ് മരിച്ചത്. പക്ഷേ, രണ്ടാംതരംഗം മരണനിരക്ക് കുതിച്ചുയര്‍ന്നു. 5,500-ല്‍ അധികംപേര്‍ കോവിഡിന് കീഴടങ്ങി.
ഒരുദിവസം 31 മരണങ്ങള്‍വരെ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മൂന്നുമാസംകൊണ്ടുമാത്രം കോവിഡ് ബാധിച്ചുമരിച്ച 400 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പലയിടത്തും മൃതദേഹം അടക്കാന്‍ കഴിയാത്തതിനാല്‍ കോര്‍പ്പറേഷനിലെ ശ്മശാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
തിരിച്ചുവരാം, ജാഗ്രത വെടിയരുത്
കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്ന ശീലം ഒഴിവാക്കരുത്. സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്ന നിയന്ത്രണമൊഴിവാക്കിയെങ്കിലും സ്വയംകരുതല്‍ നല്ലതാണ്. കോവിഡ് വീണ്ടും വരില്ലെന്ന് പറയാന്‍ കഴിയില്ല.
-ഡോ. ഉമര്‍ഫാറൂഖ്, (ജില്ലാ മെഡിക്കല്‍ ഓഫീസര്‍ )
Content Highlights: covid 19, kozhikode district, corona virus spreading, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..