തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് പൂര്‍ണമായും പറയാനാവില്ലെന്ന അഭിപ്രായവുമായി വിദഗ്ധസമിതി. കോവിഡ് അവലോകനയോഗത്തില്‍ വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ. ബി. ഇക്ബാലാണ് ഈ സൂചന നല്‍കിയത്. സമൂഹവ്യാപനം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നതരത്തില്‍ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. അതേസമയം സാമൂഹവ്യാപനമുണ്ടായിട്ടില്ലെന്നും അതിന്റെ വക്കിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എവിടെനിന്ന് രോഗം ബാധിച്ചുവെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പരിശോധന വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി ജലദോഷപ്പനിയുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന അറുപതിനുമേല്‍ പ്രായമായവര്‍, മാരകരോഗങ്ങളുള്ളവര്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സ്ഥിരമായി മരുന്നുകഴിക്കുന്നവര്‍ തുടങ്ങി രോഗസാധ്യതയുള്ള മുഴുവന്‍പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട പല കേസുകളുടെയും സമ്പര്‍ക്കം കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. ഉറവിടം അറിയാത്ത മുപ്പതോളം രോഗികളെ കണ്ടെത്തിയ വിവരം സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുമുണ്ട്. സ്വകാര്യമേഖലയിലടക്കം 20-ഓളം ലാബുകളിലാണ് പരിശോധനാ സൗകര്യം. പരിശോധനാകിറ്റുകള്‍ ആവശ്യത്തിന് ലഭ്യവുമാണ്. ഈ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പരിശോധന ഇരട്ടിയാക്കണമെന്ന സമിതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാവില്ല
തിരുവനന്തപുരം: ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംപിള്‍പരിശോധന നടത്തിയാണ് സമൂഹവ്യാപനമുണ്ടായില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയത്. ഇപ്പോഴത്തെ നിലയില്‍ ജാഗ്രത പാലിച്ചാല്‍ സമൂഹവ്യാപനം തടയാനാകുമെന്നുതന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗംപകരുന്നവരുടെ എണ്ണവും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ഏറ്റവുംകുറഞ്ഞ സംസ്ഥാനമാണ് കേരളം. മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയനിരക്ക് 2.89 ശതമാനവും.

ജലദോഷപ്പനി സര്‍വേകേന്ദ്രങ്ങള്‍
എല്ലാ ജില്ലകളിലും ജലദോഷപ്പനി സര്‍വേകേന്ദ്രങ്ങള്‍ തുടങ്ങുകയും ആവശ്യമെങ്കില്‍ മൊബൈല്‍ കളക്ഷന്‍ വാനുകള്‍ സജ്ജമാക്കുകയും വേണം. ജലദോഷവും പനിയും റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെല്‍ഫ് റിപ്പോര്‍ട്ടിങ് ആപ്പ് വികസിപ്പിക്കുന്നകാര്യം പരിഗണിക്കണം.

കൂടുതല്‍ പരിശോധന
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, കൂടുതല്‍ ജനസമ്പര്‍ക്കമുള്ളവര്‍ തുടങ്ങിയവരുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കണം. പരിശോധന ഇരട്ടിയാക്കും. കൂടുതല്‍ പോലീസുകാരെയും ആരോഗ്യപ്രവര്‍ത്തകരെയും പരിശോധിക്കും.

സഞ്ചരിച്ച് സ്രവം ശേഖരിക്കും
മൊബൈല്‍ സ്വാബ് കളക്ഷന്‍ സെന്ററുകള്‍ തുറക്കും. സാധ്യമായ സ്ഥലങ്ങളില്‍ പൂള്‍ ടെസ്റ്റിങ് വ്യാപിപ്പിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാകിറ്റ് ഉറപ്പാക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കായി വരുന്നവരെ ആഭ്യന്തരവകുപ്പ് നിരീക്ഷിക്കും.

Content Highlights:  Covid 19 community spread chance saysPanel of Experts Corona Virus, Health