Representative Image | Photo: Canva.com
ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച സ്ത്രീകൾക്ക് ജനിച്ച കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിന് തകരാർ സ്ഥിരീകരിച്ചു. യു.എസ് ഗവേഷകരാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2020ൽ ഡെൽറ്റ വകഭേദം വ്യാപിച്ച സമയത്ത് വൈറസ്ബാധയേറ്റ രണ്ട് സ്ത്രീകളുടെ കുഞ്ഞുങ്ങൾക്കാണ് പിന്നീട് മസ്തിഷ്കത്തിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്.
മിയാമി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പീഡിയാട്രിക്സ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് ഡെൽറ്റ വൈറസ് തീവ്രമായി വ്യാപിച്ച സമയത്താണ് രണ്ടു സ്ത്രീകൾക്ക് ഗർഭത്തിന്റെ രണ്ടാംമാസം വൈറസ് ബാധിച്ചത്. കുഞ്ഞുങ്ങൾ പിറന്ന ദിവസം തന്നെ ചുഴലി ഉണ്ടാവുകയും പിന്നീട് വളർച്ചാ പ്രശ്നങ്ങളും നേരിടുകയുണ്ടായി. ഒരു കുട്ടി പതിമൂന്നാം മാസം മരിച്ചു. രണ്ടാമത്തെ കുഞ്ഞ് തീവ്രപരിചരണത്തിലുമായിരുന്നു.
രണ്ടു കുട്ടികൾക്കും പ്ലാസന്റയിലിരിക്കവേ അമ്മയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ഗവേഷകർ പറയുന്നത്. രണ്ട് സ്ത്രീകളുടെയും പ്ലസന്റയിൽ വൈറസ് ബാധിച്ചതിന്റെ തെളിവും ഗവേഷകർ കണ്ടെത്തുകയുണ്ടായി. മരണപ്പെട്ട കുട്ടിയുടെ മസ്തിഷ്കത്തിന്റെ ഓട്ടോപ്സിയിലും വൈറസ് സാന്നിധ്യം കണ്ടെത്തി.
രണ്ട് സ്ത്രീകൾക്കും കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾക്ക് നേരിയ ലക്ഷണങ്ങളുമാണ് ഉണ്ടായിരുന്നത്. ആ യുവതി ഗർഭകാലം പൂർത്തിയായതിനുശേഷമാണ് കുഞ്ഞിന് ജന്മം നൽകിയതെങ്കിൽ രണ്ടാമത്തെ സ്ത്രീ വളരെ ക്ഷീണിതയും 32ാം ആഴ്ച്ചയിൽ പ്രസവിക്കുകയും ചെയ്തിരുന്നു.
ഈ കേസുകൾ അപൂർവമാണെങ്കിലും ഗർഭകാലത്ത് വൈറസ് ബാധയേറ്റിട്ടുള്ള സ്ത്രീകൾ കുഞ്ഞിന് വളർച്ചാ വൈകല്യം ഉണ്ടോ എന്നത് പീഡിയാട്രീഷ്യനോട് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും മിയാമി സർവകലാശാലയിലെ ഗൈനക്കോളജിസ്റ്റായ ഡോ.ഷഹനാസ് ദുവാര പറയുന്നു. ഗർഭം ധരിക്കാൻ തീരുമാനിക്കുന്ന സ്ത്രീകൾ കോവിഡ് വാക്സിൻ എടുക്കേണ്ടതും പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.
മുമ്പും ഡോക്ടർമാർ ഇത്തരമൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അമ്മയുടെ പ്ലസന്റയിലോ, കുഞ്ഞിന്റ് മസ്തിഷ്കത്തിലോ ഇതുവരെ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിന്റെ നേരിട്ടുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല. നേരത്തേ റുബെല്ല, എച്ച്.ഐ.വി, സിക തുടങ്ങിയ വൈറസുകൾ പ്ലസന്റയിലേക്ക് കടക്കാനും കുഞ്ഞിന് മസിത്ഷ്ക തകരാർ ഉണ്ടാക്കാനും കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. അതേസമയം കോവിഡിന്റെ ഡെൽറ്റ വകഭേദം മാത്രമാണോ ഇത്തരത്തിൽ ഗർഭസ്ഥശിശുവിന് തകരാർ ഉണ്ടാക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
Content Highlights: COVID-19 Caused Brain Damage In 2 Babies Who Contracted Infection In Womb


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..