നിര്‍വചിക്കാനാവാത്തവിധം മാറ്റങ്ങളാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തിന്റെ മേല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സാമ്പത്തിക ഭദ്രത തകര്‍ന്ന് തരിപ്പണമായി. ഒപ്പം മാനസിക ആരോഗ്യത്തെയും ബാധിച്ചു. കോവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം. നേച്ചര്‍ എയ്ജിങ്(Nature Aging) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

പഠനത്തില്‍ പങ്കെടുത്ത 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 43 ശതമാനം പേര്‍ തീക്ഷ്ണത കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന അളവിലോ ഉള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19-ന്റെ തുടക്കകാലത്തേതിൽ നിന്ന്നിലവില്‍ അത് വഷളായതായും പഠനം വ്യക്തമാക്കുന്നു. 

മെഡിക്കല്‍ സംവിധാനങ്ങള്‍ ഭൂരിഭാഗവും കോവിഡ് 19 ചികിത്സയ്ക്കായി മാറ്റി വയ്ക്കപ്പെട്ടപ്പോള്‍ പ്രായമേറിയ ഒട്ടേറെപ്പേര്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ കിട്ടാതെ വന്നു. അതിക്രമങ്ങള്‍ക്കിരയായവരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലാണ്. തൊഴിലില്ലായ്മ, ജോലി നഷ്ടപ്പെടല്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ എന്നിവയും പ്രായമായവരില്‍ വിഷാദരോഗം കടുത്തതാക്കി. 

മുന്‍കാലങ്ങളിലെ അപേക്ഷിച്ച് മറ്റുള്ളവരുമായി സംവദിക്കാനുള്ള അവസരം കുറഞ്ഞതും കോവിഡ് ഭയന്ന് കുടുംബാംഗങ്ങള്‍ അകലം സൂക്ഷിച്ചതും പ്രായമായവരില്‍ ഒറ്റപ്പെടലുണ്ടാക്കി. ഇതും അവരില്‍ വിഷാദരോഗത്തിന് ആക്കം കൂട്ടി-പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി.

Content highlights: Covid 19 cause depression, Elderly people suffering from depression, New study found