കോവിഡ് ബാധിച്ച് ഒന്‍പത് മാസത്തിന് ശേഷവും ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും പാദുവ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനഫലം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

2020 ഫെബ്രുവരി- മാര്‍ച്ച് കാലത്ത്  കോവിഡ് ബാധിച്ച ഇറ്റലിയിലെ 3000 ആളുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം ഇവരില്‍ അതേവര്‍ഷം മേയിലും നവംബറിലും പരിശോധന നടത്തിയപ്പോഴും വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായി. 

ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ അണുബാധയുണ്ടായവരില്‍ 98.8 ശതമാനം ആളുകളിലും അതേവര്‍ഷം നവംബറിലും ആന്റിബോഡികള്‍ നിലനില്‍ക്കുന്നുവെന്നാണ് തെളിഞ്ഞത്. ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും കോവിഡ് ബാധിതരായവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസം ഇല്ലായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.  

Content Highlights: Covid 19 antibodies persist at least nine months after infection study, Health, Covid19