ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി, 81 കുട്ടികൾ ചികിത്സയിൽ


Representative Image | Photo: Canva.com

ഇന്ത്യൻ നിർ‌മിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ​ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ലോകാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം നടത്തുന്നുണ്ട്. നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. മരുന്നു കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മൂന്ന് കുട്ടികളെക്കൂടി പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരും മരിച്ചതോടെ മരണനിരക്ക് 69 ആയിരിക്കുകയാണ്.

നിലവിൽ എൺപത്തിയൊന്ന് കുട്ടികൾ സമാനമായ ആരോ​ഗ്യ പ്രശ്നവുമായി ആശുപത്രിയിൽ ജീവനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് ​ഗാംബിയൻ അധിക‍ൃതർ പറയുന്നു. കുട്ടികളുടെ മരണത്തോടെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെറെകുണ്ടയിലെ സ്ക്വയറിൽ നിരവധി പേരാണ് അണിനിരന്നത്.നാലുദിവസത്തോളമെടുത്താണ് കുട്ടികളുടെ മരണങ്ങൾ വൃക്ക തകരാറിലായതിനെ തുടർന്നാണ് എന്നും ചുമമരുന്നുകളുമായി ബന്ധമുണ്ടെന്നും ​ഗാംബിയൻ അധികൃതർ തിരിച്ചറിഞ്ഞത്. സെനെ​ഗളിലേക്ക് അയച്ച രക്തപരിശോധനയിൽ നിന്നാണ് മരണകാരണങ്ങൾ പുറത്തുവന്നത്. ഇത്തരം കേസുകൾ പരിശോധിച്ച് അറിയുന്നതിനുള്ള മാർ​ഗങ്ങൾ ​ഗാംബിയയിൽ ഇല്ലാത്തതും നിർണയത്തിന് തടസ്സമായി. മലേറിയ, ആസ്ത്മ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള ചികിത്സയാണ് അതുവരെ കുട്ടികൾക്ക് ഡോക്ടർമാർ നൽകിയിരുന്നത്.

അതേസമയം സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർ​ഗനൈസേഷൻ, ഹരിയാണ ഡ്ര​ഗ്സ് കൺട്രോൾ അടക്കമുള്ള ആരോ​ഗ്യ വിഭാ​ഗത്തിന്റെ എല്ലാ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കാറുണ്ടെന്ന് മെയ്‍ഡെൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഡയറക്ടർ വിവേക് ​ഗോയൽ വ്യക്തമാക്കി. സംഭവം ഞെട്ടലുളവാക്കിയെന്നും അ​ഗാധ ദുഃഖത്തിലാണെന്നും വിവേക് അറിയിച്ചു.

2014-2016 കാലഘട്ടത്തിൽ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർ​ഗനൈസേഷൻ നടത്തിയ സർവേ പ്രകാരം വൻകിട ഫാർമാ കമ്പനികൾ അടക്കം നിർമിച്ച അഞ്ചു ശതമാനത്തോളം ഇന്ത്യൻ മരുന്നുകൾ ക്വാളിറ്റി ടെസ്റ്റിൽ പരാജയപ്പെട്ടവയാണ്. ഈ ശതമാനം ഇനിയും കൂടുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

ഇന്ത്യയിലും സമാന സംഭവം

നേരത്തേ ഇന്ത്യയിലും സമാന സംഭവം അരങ്ങേറിയിരുന്നു. 2020 ഫെബ്രുവരിയിൽ ജമ്മുവിലെ ഉദ്ദംപൂർ ജില്ലയിലായിരുന്നു അത്. കോൾഡ്ബെസ്റ്റ്-പിസി എന്ന കഫ്സിറപ്പ് കഴിച്ചതുമൂലം പന്ത്രണ്ടോളം കുട്ടികളാണ് മരണപ്പെട്ടത്. ആ മരുന്നിലും ഡൈതലീൻ ​ഗ്ലൈക്കോൾ സാന്നിധ്യം കണ്ടെത്തിയിരുന്നു. തളർച്ചയ്ക്കും ശ്വാസതടസ്സത്തിനും വൃക്കയിലെ തകരാറിനും കാരണമായ ഡൈതലീൻ ​ഗ്ലൈക്കോൾ അടങ്ങിയ മരുന്ന് പിന്നീട് നിരോധിക്കുകയും ചെയ്തിരുന്നു. 1973ൽ ചെന്നൈയിലെ എ​ഗ്മോർ ആശുപത്രിയിലും ഇത്തരത്തിലൊരു സംഭവമുണ്ടായി. അന്ന് പതിനാലു കുട്ടികളാണ് മരണപ്പെട്ടത്. 1986ൽ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ ഇത്തരത്തിൽ വിഷമയമായ മരുന്ന് കഴിച്ച് 14 പേരും 1998ൽ ന്യൂഡൽഹിയിൽ 33 കുട്ടികളും മരണപ്പെട്ടിരുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം കഫ് സിറപ്പിലെ ഡൈതലീൻ ​ഗ്ലൈക്കോൾ ഘടകം തിരിച്ചറിയുന്നതിൽ വീഴ്ച്ച വരുത്തിയതാണ് മരണകാരണമായത്.

Content Highlights: cough syrup-related deaths gambia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented