ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ എത്തിയിരിക്കുകയാണ്. 16ന് കോവിഡ് വാക്സിനേഷൻ ആരംഭിക്കും. ഈ സാഹചര്യത്തിൽ നിരവധി ആശങ്കകളും സംശയങ്ങളും പൊതുജനങ്ങൾക്കുണ്ടാകാം. ഇത്തരം ആശങ്കകൾക്ക് അകറ്റാൻ സംശയങ്ങൾ ദുരീകരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിൻ സ്വീകരിക്കണോ ?
കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിൻ സ്വീകരിക്കണം. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ വാക്സിൻ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാൽ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ രോഗലക്ഷണങ്ങൾ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിൻ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.
വാക്സിൻ സുരക്ഷിതമോ
ഇന്ത്യയിൽ നൽകുന്ന വാക്സിൻ മറ്റു രാജ്യങ്ങളിലേതുപോലെ തന്നെ ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതുമാണ്.
വാക്സിൻ സ്വീകരിച്ച് ശേഷം
കോവിഡ് 19 വാക്സിനേഷൻ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തിൽ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകൾ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക.
സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കോവിഡ് 19 വാക്സിൻ നൽകുക. മറ്റേതൊരു വാക്സിൻ സ്വീകരിച്ചാലും ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ പനി, വേദന എന്നിവയുണ്ടായേക്കാം. വാക്സിൻ സ്വീകരിച്ചതു മൂലം മറ്റു പാർശ്വഫലങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
മറ്റ് രോഗങ്ങൾക്ക്മരുന്നു കഴിക്കുന്നവർ വാക്സിൻ സ്വീകരിക്കണോ
കാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവർക്ക് വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗസാധ്യത കൂടുതലായതിനാൽ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.
എത്ര തവണ വാക്സിൻ സ്വീകരിക്കണം
28 ദിവസങ്ങളുടെ വ്യത്യാസത്തിൽ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്സിനേഷൻ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തിൽ ആന്റിബോഡികളുടെ രക്ഷാകവചം നിർമ്മിക്കപ്പെടും.
പൊതുജനങ്ങൾക്ക് എപ്പോൾ?
രോഗ സാധ്യത കൂടുതലുള്ളവർക്ക് മുൻഗണന നൽകി വാക്സിൻ നൽകേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തിൽ 50 വയസിനു മുകളിലുള്ളവരെയും 50 വയസിൽ താഴെയുള്ള മറ്റ് രോഗബാധിതരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തുടർന്നാണ് എല്ലാവർക്കുമായി വാക്സിൻ ലഭ്യമാക്കുക.
കടപ്പാട്: കേരള ആരോഗ്യ വകുപ്പ്
Content Highlights: Coronavirus vaccination