കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിക്കുമെന്ന് പഠനം. വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കോവിഡ് നെഗറ്റീവായാലും വൈറസിന്റെ സാന്നിധ്യം മാസങ്ങളോളം പുരുഷ ലിംഗത്തിൽ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. വൈറസിന്റെ പ്രവർത്തനം മൂലമുണ്ടാവുന്ന എൻഡോതീലിയൽ ഡിസ്‌ഫംഗ്ഷൻ ഉദ്ധാരണക്കുറവിന് കാരണമാകുമെന്നാണ് പഠനം. കോവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസ് ശ്വാസകോശത്തിലെയും വൃക്കകളിലെയും കോശങ്ങളെ ബാധിക്കുമെന്ന് നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

ലിംഗത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥയാണ് എൻഡോതീലിയൽ. കോവിഡ് 19 ന്റെ ദീർഘകാല പ്രത്യാഘാതമായി ഇതിനെ കാണാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മിയാമി സർവകലാശാലയിലെ മില്ലർ സ്കൂൾ ഓഫ് മെഡിസിൻ റീപ്രൊഡക്ടീവ് യൂറോളജി ഡയറക്ടറായ ഇന്ത്യൻ വംശജൻ രഞ്ജിത് രംഗസ്വാമി പറയുന്നു.

കോവിഡ് പോസറ്റീവായവരേയും കോവിഡ് ഇതുവരെ ബാധിക്കാത്തവരേയുമാണ് പഠനത്തിന് വിധേയമാക്കിയത്. ആറ് മാസം മുമ്പും എട്ട് മാസം മുമ്പും കോവിഡ് ബാധിച്ച രണ്ടു പേരിൽ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കോവിഡ് ബാധിക്കുന്നതിന് മുമ്പ് ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് ബാധിച്ചതിന് ശേഷം ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായതായി പഠനം വ്യക്തമാക്കുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, കോവിഡ് വരാതെ സൂക്ഷിക്കുക, വാക്സിൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് രഞ്ജിത് രംഗസ്വാമി പറയുന്നു. ഉദ്ധാരണപ്രശ്നങ്ങൾ തോന്നിയാൽ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല‍്കുന്നു.

രോഗബാധിതരായ പുരുഷൻമാരുടെ വൃഷ്ണത്തിലും വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രത്യുൽപ്പാദന ക്ഷമതയെ ബാധിക്കാമെന്നും ലൈംഗികബന്ധത്തിലൂടെ പകർന്നേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Content Highlights:Coronavirus may cause long-term erectile dysfunction in men study