കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുമ്പോള്‍ മാസ്‌ക് ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. മാസ്‌കുകള്‍ രോഗ വാഹകരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കുന്നത് രോഗവ്യാപനം കൂട്ടും.

തുടര്‍ച്ചയായി ഉപയോഗിക്കരുത്

1. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ 72 മണിക്കൂറുകള്‍ക്കു ശേഷമേ എന്‍ 95 മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളൂ.

2. ഉപയോഗിച്ച മാസ്‌കുകള്‍ ഒരുമിച്ച് സൂക്ഷിക്കരുത്. വായുവില്‍ ഉണങ്ങുകയോ വായുസഞ്ചാരമുള്ള കവറുകളില്‍ പ്രത്യേകമായി സൂക്ഷിച്ച് ഉണക്കുകയോ ചെയ്യണം.

3. ഒരാളുടെ പക്കല്‍ കുറഞ്ഞത് അഞ്ച് മാസ്‌കുകളും വായു സഞ്ചാരമുള്ള (ഒന്നു മുതല്‍ അഞ്ചു വരെ ലേബല്‍ ചെയ്ത) അഞ്ച് പേപ്പര്‍ ബാഗുകളും വേണം.

4. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്‌ക് ഒന്ന് എന്ന് എഴുതിയ പേപ്പര്‍ ബാഗില്‍ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്‌ക് രണ്ട് എന്ന് ലേബല്‍ ചെയ്ത ബാഗിലും. ഇത്തരത്തില്‍ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പര്‍ ബാഗിലെ മാസ്‌ക് വീണ്ടും ഉപയോഗിക്കാം.

5. ഓരോ മാസ്‌കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നതു വരെ ഇത് തുടരാം.

6. മാസ്‌കില്‍ ശരീര ദ്രവങ്ങളോ മറ്റോ പറ്റിയാല്‍ വീണ്ടും ഉപയോഗിക്കരുത്.

7. താടിരോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.

8. എന്‍ 95 മാസ്‌ക് കഴുകാനും വെയിലത്ത് ഉണക്കാനും പാടില്ല. ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും.

9. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്.

10. എന്‍ 95 മാസ്‌കുകള്‍ ഇല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പുറമെ സാധാരണ തുണി മാസ്‌കുകള്‍ ഉപയോഗിച്ച് ഡബിള്‍ മാസ്‌കിങ് ചെയ്യാം.

11. രണ്ട് സര്‍ജിക്കല്‍ മാസ്‌കുകള്‍ ഒരുമിച്ച് ഉപയോഗിക്കരുത്.

Content Highlights: Coronavirus: How to Care for Your Face Mask