ജനീവ: കോവിഡ് ബാധയെത്തുടര്‍ന്നുള്ള അടച്ചിടല്‍ ആറുമാസം തുടര്‍ന്നാല്‍ വികസ്വര-അവികസിത രാജ്യങ്ങളിലെ 70 ലക്ഷത്തോളം സ്ത്രീകള്‍ തങ്ങളാഗ്രഹിക്കാതെ ഗര്‍ഭിണികളാവേണ്ടിവരുമെന്ന് യു.എന്‍. പോപ്പുലേഷന്‍ ഫണ്ട്. വിതരണരംഗത്തെ തടസ്സം കാരണം ഗര്‍ഭനിരോധനോപാധികള്‍ ലഭ്യമാവാത്തത് സ്ത്രീകള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നതായി പോപ്പുലേഷന്‍ ഫണ്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ നതാലിയ കനേം പറഞ്ഞു. 

ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന കൊറോണാനന്തര ദുരന്തമാണിതെന്നും നതാലിയ പറഞ്ഞു. തങ്ങളുടെ കുടുംബം എങ്ങനെവേണമെന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകള്‍ക്ക് ഇതുമൂലം സാധിക്കാതെ വരുന്നു.  വികസ്വര-അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണക്കാലത്ത് ഇവയുടെ ലഭ്യത കുറയുമ്പോള്‍ ഇവരില്‍ 70 ലക്ഷത്തോളംപേരെങ്കിലും ഗര്‍ഭിണികളാവാം. ഇതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങള്‍ ഇക്കാലയളവില്‍ കുതിച്ചുയരുമെന്നും പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീസംരക്ഷണത്തിനായുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലെ കാലതാമസം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആറുമാസത്തിനിടെ 3.1 കോടി അതിക്രമക്കേസുകള്‍ കൂടുതലായുണ്ടാകും. അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഓരോ മൂന്നുമാസവും 1.5 കോടി എന്ന രീതിയില്‍ ഈ കേസുകള്‍ വര്‍ധിക്കും. അടുത്ത പത്തുവര്‍ഷത്തിനിടെ ചേലാകര്‍മത്തിനിരയാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 20 ലക്ഷത്തിന്റെ വര്‍ധന ഉണ്ടായേക്കും. 1.3 കോടി ബാലവിവാഹങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ കൂടുതലായി നടക്കും. പീഡനത്തിനും അതിക്രമത്തിനുമിരയാവുന്ന സ്ത്രീകള്‍ക്ക് വീടുകളില്‍ത്തന്നെ കഴിയേണ്ടിവരുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Corona Virus outbreak pregnancy rate will increase during Covid19 Lockdown, Health