തൃശ്ശൂർ: ഗുരുതരമല്ലാത്ത കോവിഡ് ബാധ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്നു കണ്ടെത്തിയ ഫാവിപിരാവിർ മരുന്നിന്റെ കൂടുതൽ ബ്രാൻഡുകൾക്ക് അനുമതി. ആദ്യ ബ്രാൻഡിന്റെ വിലയുടെ പകുതിയിൽ താഴെയാണ് പുതിയവയുടെ വില. ഇതോടെ, പ്രാഥമികതല ചികിത്സയുടെ സാമ്പത്തികഭാരം കുറയാൻ സാധ്യതയായി.

ഇൻഫ്ളുവൻസയ്ക്കെതിരേ ഫലപ്രദമായ മരുന്നാണ് ഫാവിപിരാവിർ. എബോള, നിപ തുടങ്ങിയ വൈറസ് രോഗങ്ങളുടെ ചികിത്സയിലും മികച്ച ഫലം നൽകാൻ കഴിഞ്ഞിരുന്നു. ചെറിയ പാർശ്വഫലങ്ങളുണ്ടെങ്കിലും കോവിഡിനെതിരേയും ഒരളവുവരെ നന്നായി പ്രവർത്തിക്കാൻ ഫാവിപിരാവിറിനു കഴിയുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും കോവിഡ് ചികിത്സയിൽ ഇതുപയോഗിക്കാൻ അനുമതിയുമുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രമുഖ നിർമാതാക്കളായ ഗ്ലെൻമാർക്ക് അവരുടെ ബ്രാൻഡിനവുമായി വന്നത്. ഗുളികയൊന്നിന് 103 രൂപയായിരുന്നു വില. വിലയുൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനി നീതികാട്ടിയില്ലെന്ന പരാതി ഉയർന്നതോടെ ഡ്രഗ്സ് കൺട്രോൾ ജനറൽ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിൽ കഴിഞ്ഞ 13 മുതൽ മരുന്നിന്റെ വില 75 രൂപയാക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു.

ഇതിനിടെയാണ് മറ്റൊരു പ്രമുഖ കമ്പനിയായ സിപ്ല ഓഗസ്റ്റ് ആദ്യം 68 രൂപ നിരക്കിൽ തങ്ങളുടെ മരുന്ന് വിപണിയിലെത്തുമെന്നു പ്രഖ്യാപിച്ചത്. ബ്രിന്റൺ ഫാർമ (ഒന്നിന് 59 രൂപ), ജെൻബർക്ത് ഫാർമ (39 രൂപ) എന്നിവയുടെ മരുന്നിനങ്ങൾക്കും ഉത്‌പാദനാനുമതി കിട്ടിയിട്ടുണ്ട്.

ContentHighlights:Corona Virus Medicine low pricing Covid19 treatment will reduce the cost, Health