പാലക്കാട്: പുലരുംമുമ്പേ ഇരുകൈയും താളത്തില്‍വീശി പരിചയക്കാര്‍ക്ക് സുപ്രഭാതം ആശംസിച്ച് നടത്തത്തിനിറങ്ങുന്നവര്‍, പുലര്‍ച്ചെയും വൈകീട്ടും ജിംനേഷ്യങ്ങളിലെ പരിശീലനം മുടക്കാത്തവര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വ്യായാമം മുടങ്ങാതെ ചെയ്യുന്നവര്‍... അടച്ചുപൂട്ടല്‍കാലത്ത് ഇവയെല്ലാം പലര്‍ക്കും ഉപേക്ഷിക്കേണ്ടി വന്നു.

പാലക്കാട് ചെറിയ കോട്ടമൈതാനത്തെ ഓപ്പണ്‍ ജിം, പാലക്കാട് കോട്ട, ഗവ. വിക്ടോറിയ കോളേജ് മൈതാനം, പാലക്കാട് ക്രിക്കറ്റ് മൈതാനം, ഗവ. മെഡിക്കല്‍കോളേജ് ഗ്രൗണ്ട്, ജില്ലയിലെ ജിംനേഷ്യങ്ങള്‍ എന്നിവയെല്ലാം അടച്ചതോടെ വ്യായാമം വീട്ടിനകത്തെ ഇത്തിരി സ്ഥലത്തായി.

പല ആരോഗ്യപ്രശ്‌നങ്ങളും വ്യായാമത്തിലൂടെ നിയന്ത്രിച്ചിരുന്നവര്‍ക്കും കോവിഡ് വില്ലനായി.

ലോക് ഡൗണ്‍ ഇളവുകള്‍ വന്നുതുടങ്ങിയപ്പോള്‍ സിന്തറ്റിക് ട്രാക്ക്, ക്രിക്കറ്റ് മൈതാനം, വിക്ടോറിയ കോളേജ് ഗ്രൗണ്ട് എന്നീ സ്ഥലങ്ങള്‍ മാത്രമാണ് വ്യായാമത്തിനും കായികപരിശീലനത്തിനുമായിട്ടുള്ളത്. പക്ഷേ, ഇവിടെ വ്യായാമത്തിനെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

വ്യായാമത്തിനായി റോഡിലൂടെയുള്ള നടത്തം

വ്യായാമം ഒട്ടും ഒഴിച്ചുകൂടാനാവാത്തവരിപ്പോള്‍ പുലര്‍ച്ചെ റോഡുകളിലൂടെയുള്ള പ്രഭാതനടത്തം പുനരാരംഭിച്ചിട്ടുണ്ട്. നൂറടി റോഡ്, പാലക്കാട് എസ്.ബി.ഐ. ജങ്ഷന്‍ റോഡ്, കല്‍മണ്ഡപം റോഡ് എന്നിവയൊക്കെയാണിപ്പോള്‍ നഗരത്തിലെ നടത്ത വഴികള്‍.

ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ്ബുകാരുടെ നടത്തവും റോഡിലൂടെ

കോവിഡിനെത്തുടര്‍ന്ന് കോട്ടയ്ക്കകത്തേക്ക് പ്രവേശനം നിരോധിച്ചതോടെ 1,500 അംഗങ്ങളുള്ള ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ്ബുകാരുടെ പ്രഭാതനടത്തം കോട്ടയ്ക്കുചുറ്റുമുള്ള റോഡിലൂടെയാക്കി. ക്‌ളബ്ബ് നിലവില്‍വിന്ന് ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് കോട്ടയിലേക്കുള്ള പ്രവേശനം മുടങ്ങുന്നത്.

പ്രതിസന്ധിയില്‍

ജിംനേഷ്യങ്ങള്‍ അടച്ചതോടെ ശാസ്ത്രീയ കായികപരിശീലനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കായികതാരങ്ങള്‍. ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് വ്യായാമങ്ങള്‍ ചെയ്തിരുന്നവര്‍ക്കും പ്രയാസമുണ്ട്.

ആശ്വാസമേകി മൊബൈല്‍ ആപ്പുകളും

ജിംനേഷ്യങ്ങളില്‍ പോകാന്‍കഴിയാതെ വന്നതോടെ വ്യായാമത്തിനായി അധികമാളുകളും മൊബൈല്‍ ആപ്പുകളെയും ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമമുറകളാണ് ഇതിലൂടെ ചെയ്യുന്നത്.

സൂക്ഷിക്കണം

പുലര്‍ച്ചെ മലമ്പുഴ നൂറടിറോഡിലേക്കിറങ്ങിയാല്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ പ്രഭാതസവാരിക്കാരായിരിക്കും. വൈകീട്ടത്തെ സ്ഥിതിയും ഇതുതന്നെ. നൂറടിറോഡിലെ റോഡുപണിയും പൈപ്പിടല്‍ പ്രവൃത്തിയുമെല്ലാം നടക്കുന്നതിനാല്‍ ഒരല്പം സൂക്ഷിക്കണം

തുരുമ്പെടുത്ത് ഓപ്പണ്‍ ജിംനേഷ്യം

ജില്ലയില്‍ ഏറ്റവും കൂടുതല്‍പേര്‍ വ്യായാമത്തിനായി എത്തിയിരുന്ന ഇടമാണ് പാലക്കാട് ഓപ്പണ്‍ ജിംനേഷ്യം. അടച്ചിടല്‍ തുടങ്ങിയതോടെ ഇവിടത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളും തുരുമ്പെടുത്തുതുടങ്ങി.

ഒരേസമയം 60-തിലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഓപ്പണ്‍ ജിംനേഷ്യത്തില്‍ പ്രായഭേദമെന്യേ ദിവസവും ഏറെപ്പേര്‍ എത്തിയിരുന്നു.

നഗരത്തില്‍ മാത്രം അടച്ചത് 20 ഓളം ജിംനേഷ്യങ്ങള്‍

കോവിഡ് കാലത്ത് പാലക്കാട് നഗരത്തില്‍മാത്രം 20ഓളം ജിംനേഷ്യങ്ങളാണ് അടച്ചുപൂട്ടേണ്ടി വന്നത്. ലോക് ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും ഇവയ്‌ക്കൊന്നും പ്രവര്‍ത്തനം തുടങ്ങാനായില്ല. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തുനശിക്കയാണ്.

Content Highlights: Corona virus lockdown Gyms closed